EDAPPALLocal newsTHAVANUR

പൊതുവിദ്യാഭ്യാസ വികസനത്തിന്റെ മുഖമായി ബിന്ദു ടീച്ചർ പടിയിറങ്ങി

എടപ്പാൾ: കെ എം ജി യു പി സ്കൂളിനെ പൊതുവിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സ്ഥാപനങ്ങളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച പ്രധാനാധ്യാപിക ബിന്ദു ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചു.
2017-ലാണ് ജി.യു.പി.എസ് വെള്ളാഞ്ചേരിയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച് ബിന്ദു ടീച്ചർ കെ.എം.ജി.യു.പി സ്കൂളിൽ പ്രധാനാധ്യാപികയായി ചുമതലയേൽക്കുന്നത്. ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്ന വിദ്യാലയത്തെ വികസനപാതയിലേക്ക് നയിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കി. കേരളത്തിൽ ആദ്യമായി സർക്കാർ പ്രൈമറി സ്കൂളിൽ തിയേറ്റർ ക്ലാസ്‌റൂമും ബാൻഡ് സെറ്റും ഒരുക്കി. പഞ്ചായത്തിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾ പ്ലാനറ്റേറിയങ്ങളിലൊന്നും വിദ്യാലയത്തിൽ സ്ഥാപിച്ചു.
സർക്കാർ-എസ്.എസ്.കെ ഫണ്ടിൽ പുതിയ കെട്ടിടങ്ങൾ, മാതൃകാ പ്രീ-പ്രൈമറി വിഭാഗം എന്നിവ യാഥാർഥ്യമായതോടെ സ്കൂളിന്റെ വികസനത്തിന് പുതിയ വേഗം ലഭിച്ചു. അക്കാദമിക നിലവാരത്തിലും വിദ്യാർഥി പ്രവേശനത്തിലും ശ്രദ്ധേയ വളർച്ച കൈവരിക്കാനായി.
കഴിഞ്ഞ ഏഴ് വർഷമായി തവനൂർ പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥയായും പ്രവർത്തിച്ച ബിന്ദു ടീച്ചർ വിദ്യാഭ്യാസ മേഖലയിലെ നിരവധി നൂതന പദ്ധതികൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളെയും ഏകോപിപ്പിച്ച് സംഘടിപ്പിച്ച “വിദ്യാഭ്യാസ മഹോത്സവം” പൊതുവിദ്യാഭ്യാസ രംഗത്തേക്ക് രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. അന്താരാഷ്ട്ര പഠന കോൺഗ്രസിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരം ലഭിച്ചു.
1988-ൽ മണ്ണാർക്കാട് കെ.ടി.എം എയ്ഡഡ് ഹൈസ്കൂളിൽ അധ്യാപന ജീവിതം ആരംഭിച്ച ബിന്ദു ടീച്ചർ 1993-ൽ പി.എസ്.സി നിയമനത്തിലൂടെ കുറ്റിപ്പുറം പേരശനൂർ സ്കൂളിൽ സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത്, ജനപ്രതിനിധികൾ, പി.ടി.എ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് വികസന നേട്ടങ്ങൾക്ക് പിന്നിലെന്നാണ് ബിന്ദു ടീച്ചർ പറയുന്നത്.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്വദേശിനിയായ ബിന്ദു ടീച്ചർ കുറ്റിപ്പുറം സ്വദേശിയായ മാരാത്ത് മഠത്തിൽ ഗോപിനാഥന്റെ ഭാര്യയാണ്. മക്കൾ: വിനീത്, ഗാഥ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button