പെരുമ്പടപ്പ് പഞ്ചായത്തിൽ അടുത്ത മാസം ഗ്രാമ വണ്ടി ഓടി തുടങ്ങും,ട്രയൽ സർവീസ് നടത്തി
പെരുമ്പടപ്പ് : പെരുമ്പടപ്പ് പഞ്ചായത്ത് നടപ്പാക്കുന്ന കെഎസ്ആർടിസി ഗ്രാമവണ്ടിയുടെ ട്രയൽ സർവീസ് നടത്തി. കെ.പി നൗഷാദലി എം എൽഎയുടെ ശ്രമഫലമായി അനുവദിച്ച ഗ്രാമ വണ്ടിയാണ് പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ട്രയൽ സർവീസ് നടത്തിയത്.
ഗ്രാമ വണ്ടിക്ക് തുക പെരുമ്പടപ്പ് പഞ്ചായത്താണ് നൽകുക. ബസ് വെളിയങ്കോട് – എടക്കഴിയൂർ റോഡിലൂടെ മാരാമുറ്റം, പഴഞ്ഞി , മുളമുക്ക്, കോതമുക്ക്, അയിരൂർ , കല്ലയിൽ പീടിക, കണ്ടു ബസാർ വഴി പാലപ്പെട്ടിയിൽ എത്തി ചേരും. പാലപ്പെട്ടിയിൽ നിന്ന് കുട്ടാടൻ പാടം, പാറ, പുത്തൻപള്ളി, പെരുമ്പടപ്പ് വഴി ആൽത്തറ വരെയും ആൽത്തറയിൽ നിന്ന് എഇഒ വഴി ആമയം ചെറവല്ലൂർ റോഡിലൂടെ ചങ്ങരംകുളത്തേക്കും തിരിച്ച് പെരുമ്പടപ്പിലേക്കും സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പാലപ്പെട്ടിയിൽ നിന്ന് അയിരൂർ വഴി എരമംഗലത്തേക്കും സർവീസ് നടത്താവുന്ന തരത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പഞ്ചായത്ത് വിഹിതം അടുത്ത ദിവസം കെ എസ് ആർ ടി സി ക്ക് നൽകുമെന്നും ബസ് ലഭിക്കുന്നതിനനുസരിച്ച് അടുത്ത മാസം ആദ്യവാരം ഗ്രാമ വണ്ടി സർവീസ് തുടങ്ങുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ വത്സലകുമാർ, വൈസ് പ്രസിഡൻ്റ് ഷംസിയ റഫീഖ് പറഞ്ഞു . സ്ത്രീകൾക്ക് യാത്ര സൗജന്യമാണ്. പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിലെ ബസാണ് സർവീസ് നടത്തുക.