പെരുമാറ്റത്തിലെ സൗമ്യത, നിലപാടുകളിൽ കാർക്കശ്യം അതിരിടുന്ന വ്യക്തത; 75ന്റെ നിറവിൽ ഇ.ടി
പൊന്നാനി: പി.കെ.കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗിന്റെ മിഡ്ഫീൽഡ് ജനറലാണെങ്കിൽ ഇ.ടി.മുഹമ്മദ് ബഷീർ പാർട്ടിയുടെ ഗോൾ കീപ്പറാണ്. നയങ്ങളുടെ, നിലപാടുകളുടെ, മൂല്യങ്ങളുടെ കാവലാൾ. പ്രസന്നത തുടിച്ചു നിൽക്കുന്ന സൗമ്യ ഭാവമാണു മുഖമുദ്ര. പാർട്ടി വെല്ലുവിളി നേരിടുമ്പോൾ പക്ഷേ, സൗമ്യതയുടെ പെനൽറ്റി ബോക്സിനു പുറത്തിറങ്ങി പ്രതികരിക്കാൻ മടിയില്ല. ജന്മനാടായ വാഴക്കാട് മപ്രത്ത് ചാലിയാറിന്റെ തീരത്ത് പണിത വീടിനു ഇടി നൽകിയ പേര് ‘സൗമ്യം’ എന്നാണ്.
ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുന്ന ഇടിയുടെ, അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുള്ള രാഷ്ട്രീയ ജീവിതത്തെ വിശേഷിപ്പിക്കാൻ ‘വ്യക്തം’ എന്ന വാക്കു കൂടി ചേർക്കണം. പെരുമാറ്റത്തിലെ സൗമ്യത, നിലപാടുകളിൽ കാർക്കശ്യം അതിരിടുന്ന വ്യക്തത. ഇതാണ് കേരള രാഷ്ട്രീയത്തിലെ ‘ഇ.ടി ടച്ച്’. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ കേരള ചരിത്രത്തിൽ സ്വന്തം മുദ്ര പതിപ്പിച്ച ഇ.ടിക്ക് ഔപചാരിക വിദ്യാഭ്യാസത്തിൽ വലിയ സർട്ടിഫിക്കറ്റുകളുടെ പിൻബലമില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവുമൊക്കെ വായനയിലാണ്.
പുസ്തകങ്ങളുമായുള്ള നിരന്തര ചങ്ങാത്തമാണ് ചിന്തകൾക്ക് വ്യക്തതയും അഭിപ്രായത്തിനു ആധികാരികതയും നൽകുന്നത്. ടിവി സംവാദമായാലും പാർലമെന്റിലെ ചർച്ചയായാലും ഇടിയുടെ ശബ്ദത്തെ വേറിട്ടു നിർത്തുന്നതു വായനയുടെ ആഴമാണ്. ചാലിയത്ത് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അധ്യാപകനായിരുന്നു. പിന്നീട് കഥാകൃത്തായി പേരെടുത്ത യു.എ.ഖാദർ അടുത്ത പരിചയക്കാരൻ. വിദ്യാർഥിയായിരുന്ന ബഷീർ പേരെടുത്തതു പക്ഷേ, പ്രസംഗവേദിയിലാണ്.
ചങ്ങനാശേരിയിൽ നടന്ന 1962ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനം അന്നു 9-ാം ക്ലാസുകാരനായ ബഷീറിനായിരുന്നു. മാവൂർ ഗ്വാളിയർ റയോൺസാണു ഇ.ടിയുടെ രാഷ്ട്രീയക്കളരി. അവിടെ പൾപ് നിർമാണ യൂണിറ്റിൽ തൊഴിലാളിയായിരിക്കെയാണ്, ലീഗിന്റെ തൊഴിലാളി വിഭാഗമായ എസ്ടിയുവിന്റെ നേതൃപദവിയിലേക്കുയർന്നത്. 70കളുടെ മധ്യത്തിൽ മുസ്‍ലിം ലീഗ് പിളർന്നപ്പോൾ യുവ നേതാവായിരുന്ന ഇ.ടി അഖിലേന്ത്യാ ലീഗിനൊപ്പം നിന്നു.
1985ൽ കണ്ണൂർ പെരിങ്ങളം ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി നിയമസഭയിലെത്തിയതും അന്നു ഇടതു മുന്നണിയിലായിരുന്ന അഖിലേന്ത്യാ ലീഗ് ടിക്കറ്റിലാണ്. കണ്ണൂർ സർവകലാശാല, കാലടി സംസ്കൃത സർവകലാശാല, ഐടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും ഗ്രേഡിങ് സംവിധാനം എന്നിങ്ങനെയായി വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുകൾ ചരിത്രത്തിന്റെ ഭാഗം. പിന്നീട് പാർലമെന്റിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായി വളർന്നപ്പോഴും വാഴക്കാട്ടുകാർക്കു ഇ.ടി. അവരുടെ പ്രിയപ്പെട്ട ബാപ്പുവാണ്.
ലക്ഷക്കണക്കിനു രോഗികൾക്കു സാന്ത്വനമായി മാറിയ സിഎച്ച് സെന്റർ, യുപിയിലെ മുസഫർ നഗറിൽ കലാപത്തിന്റെ ഇരകൾക്ക് ബൈത്തുറഹ്മ നിർമാണം തുടങ്ങി ലീഗ് നടപ്പാക്കിയ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾക്കു പിന്നിൽ ഇ.ടിയുടെ നേതൃ സമർപ്പണമുണ്ട്. വാഴക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് റുഖിയ ബഷീറാണു ഭാര്യ. മക്കൾ : ഫിറോസ് ബാബു, ഷുഹൈബ്, സെമീന, മുനീബ്. ഒരു പതിറ്റാണ്ടായി ഡൽഹിയാണു തട്ടകം.
ഇ.ടി. ജീവിതരേഖ
∙ 1946 ജൂലൈ 1 നു വാഴക്കാട് മപ്രത്ത് ജനനം
തിരഞ്ഞെടുപ്പ് ചരിത്രം – നിയമസഭ
∙1977 : തിരുവമ്പാടി (അഖിലേന്ത്യാ ലീഗ് ) : തോൽവി
∙1985 : പെരിങ്ങളം (ഉപതിരഞ്ഞെടുപ്പ്, അഖിലേന്ത്യാ ലീഗ്) ജയം
∙1987 : പെരിങ്ങളം (മുസ്‍ലിം ലീഗ് ) തോൽവി
∙1991, 96, 2001 : തിരൂർ (മുസ്‌ലിം ലീഗ്) ജയം , 2006 ൽ തോൽവി
∙രണ്ടു തവണയായി 7 വർഷം വിദ്യാഭ്യാസ മന്ത്രി
പാർലമെന്റ്
∙2009, 2014, 2019 : പൊന്നാനി : ജയം