BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

പെരിന്തൽമണ്ണയി പ്ലാസ്റ്റിക് മാലിന്യത്തിൽ തീർത്ത കൂറ്റൻ ആന കൗതുകമാകുന്നു

പെരിന്തൽമണ്ണ: ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിർമ്മിച്ച കൂറ്റൻ ആന പെരിന്തൽമണ്ണ നഗരസഭാ പരിസരത്ത് കൗതുകവും ശ്രദ്ധാ കേന്ദ്രവുമാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ ‘വേസ്റ്റ് ടു ആർട്ട്’ പദ്ധതിയിലൂടെയാണ് ഈ പ്ലാസ്റ്റിക് ആനയെ ഒരുക്കിയിരിക്കുന്നത്. ഇരുമ്പ് ഫ്രെയിമിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റ് പാഴ് വസ്തുക്കളും അതിമനോഹരമായി അടുക്കിവെച്ച് വെൽഡ് ചെയ്താണ് തലയെടുപ്പുള്ള ഈ രൂപം പൂർത്തിയാക്കിയത്.​പദ്ധതിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം നിർവഹിച്ചു.

ചടങ്ങിൽ നഗരസഭയിൽ പുതുതായി പണി പൂർത്തിയായ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), ആസ്പിരേഷണൽ ടോയ്‌ലറ്റ്, പബ്ലിക് ടോയ്‌ലറ്റ് എന്നിവയും എം.എൽ.എ നാടിന് സമർപ്പിച്ചു.​വീടുകളിലും പൊതു സ്ഥലങ്ങളിലും അലക്ഷ്യമായി തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിനും പരിസ്ഥിതിക്കും വരും തലമുറയ്ക്കും ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് ഈ ശിൽപത്തിലൂടെ ലക്ഷ്യമിടുന്നത്. ഓരോ പാഴ് വസ്തുവും മറ്റൊരു വസ്തുവിന്റെ അസംസ്കൃത വസ്തുവാക്കി മാറ്റി ഇതുപോലുള്ള ആകർഷകമായ കാഴ്ച വസ്തുക്കളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും നിർമ്മിക്കാൻ സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് നഗരസഭ ഇതിലൂടെ പൊതുസമൂഹത്തിന് പകരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button