വാഹനക്കുരുക്കഴിഞ്ഞു അപകടങ്ങളേറി
എടപ്പാൾ : മേൽപ്പാലം വരുന്നതുവരെ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന വാഹനങ്ങളുടെ കൂട്ടിയിടിമൂലമായിരുന്നു അപകടങ്ങളുണ്ടായിരുന്നത്. പാലം വന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവായെങ്കിലും അപകടങ്ങൾ മറ്റുരീതിയിൽ തുടരുകയാണ്.
കുറ്റിപ്പുറം റോഡിൽ പാലം ആരംഭിക്കുന്ന ഭാഗമാണ് അപകടമുണ്ടാകുന്ന പ്രധാനയിടം. പാലത്തിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വരുന്ന രണ്ടു വാഹനങ്ങളും പാലത്തിൽ കയറാതെ ടൗണിലേക്കു പോകുന്നതും ടൗണിൽനിന്ന് ഹൈവേയിലേക്കു വരുന്നതുമായ രണ്ടു വാഹനങ്ങളുമടക്കം നാലു വാഹനങ്ങൾ ഒരുമിച്ചെത്തുന്നത് വീതി തീരെയില്ലാത്ത ഇവിടെയാണ്. ഇവിടെ യു ടേൺ പാടില്ലെന്നും റോഡ് മുറിച്ചുകടക്കരുതെന്നും മുന്നറിയിപ്പുമുണ്ട്. എന്നാൽ അതെല്ലാം കാറ്റിൽപ്പറത്തിയാണ് കാര്യങ്ങൾ. അതുകൊണ്ട് അപകടങ്ങൾക്കും കുറവില്ല.
യു ടേൺ പാടില്ലെന്ന മുന്നറിയിപ്പുമായി നിരവധി ബോർഡുകളാണ് ഇവിടെ ഡിവൈഡർപോലെ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ ഇതിനിടയിലൂടെയാണ് ഇരുചക്രവാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും റോഡ് മുറിച്ചുകടക്കൽ. പാലത്തിനു മുകളിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബൈപ്പാസ് റോഡിൽനിന്നു കയറിവന്ന് റോഡ് മുറിച്ചുകടക്കുന്നവരെ പെട്ടെന്ന് കാണില്ല. അപകടം നടന്നശേഷമാണ് പല ഡ്രൈവർമാരും സംഭവമറിയുന്നത്. തൃശ്ശൂർ റോഡിൽ പാലം ആരംഭിക്കുന്നിടത്തും സമാന അവസ്ഥയാണ്. പക്ഷേ, കുറച്ചുകൂടി വീതിയുള്ളതിനാൽ അപകടങ്ങൾക്കു കുറവുണ്ടിവിടെ.
മരണം രണ്ട്;പരിക്കേറ്റവർ അനവധി
ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷമാകും മുൻപ് തമിഴ്നാട് സ്വദേശിയും പൂക്കരത്തറ സ്വദേശിയുമടക്കം രണ്ടുപേർ ഇവിടെ വാഹനമിടിച്ച് മരിച്ചു. വാഹനങ്ങൾ കൂട്ടിയിടിച്ചും കാൽനടയാത്രക്കാരെ ഇടിച്ചുമുള്ള അപകടങ്ങൾ നിത്യേന വേറെയുമുണ്ട്. കഴിഞ്ഞദിവസമാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ബംഗാൾ സ്വദേശിയെ മൂതൂർ സ്വദേശി ഓടിച്ച ബൈക്കിടിച്ചത്. രണ്ടുപേർക്കും പരിക്കേറ്റു. ഇടിയേറ്റയാൾ വാരിയെല്ല് മുറിഞ്ഞ് ആശുപത്രിയിലാണ്. ഇവിടെ പാർക്ക്ചെയ്തിരിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ പ്രധാന ജോലി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കലാണ്.
സീബ്രാലൈൻ വരയ്ക്കാൻ തീരുമാനിച്ചു; നടന്നില്ല
റോഡ് മുറിച്ചുകടക്കാനായി പാലത്തിന്റെ രണ്ടറ്റങ്ങളിലും ൈഹവേയിൽ സീബ്രാലൈൻ വരയ്ക്കാൻ ഗതാഗതപരിഷ്കരണ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. നടപ്പാതയിലോ ബൈപ്പാസുകളുടെ വശങ്ങളിലോ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി ചെറിയ സുരക്ഷാവേലികൾ കെട്ടിയാൽ കുറെയേറെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. അതിനും നടപടിയുണ്ടായിട്ടില്ല.
ദീർഘദൂര ബസുകളും ഹ്രസ്വദൂര ബസുകളും നിർത്തിയിടേണ്ട സ്ഥലം സംബന്ധിച്ച് ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗത്തിൽ പലവട്ടം തീരുമാനമെടുത്തെങ്കിലും ഇപ്പോഴും നിർത്തുന്നത് തോന്നിയപോലെയാണ്.
ബസ്സ്റ്റോപ്പിൽ ഏതുസമയവും ആനക്കരയ്ക്കും കുമ്പിടിക്കും കുറ്റിപ്പുറത്തേക്കുമെല്ലാം പോകുന്ന കുട്ടിബസുകൾ നിൽക്കുന്നതിനാൽ ദീർഘദൂര ബസുകൾ പാലമിറങ്ങിയ ഉടനെ നടുറോഡിൽ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതും പതിവാണ്. ഹ്രസ്വദൂര ബസുകൾ അഞ്ചുമിനിറ്റിൽ കൂടുതൽ സ്റ്റോപ്പിൽ നിർത്തരുതെന്നാണ് തീരുമാനം. അതു പാലിക്കുന്നില്ല.