പഹല്‍ഗാം ഭീകരാക്രമണം വേദനാജനകം:കര്‍ശന നടപടിയുണ്ടാകണം – പി.ഡി.പി.
കൊച്ചി : ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ പി.ഡി.പി. കേന്ദ്രകമ്മിറ്റി അപലപിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയായി നടന്ന ആക്രമണം ആസൂത്രണം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകണം. പ്രദേശത്തുണ്ടായ സുരക്ഷാ വീഴ്ചയും പരിശോധിക്കപ്പെടണം. ക്രൂരകൃത്യം ചെയ്തവര്‍ ആരാണെങ്കിലും നിയമത്തിന് മുന്നിലെത്തിക്കാനും കര്‍ശനമായ ശിക്ഷ ഉറപ്പാക്കാനും നടപടിയുണ്ടാകണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും നാടിന്റേയും ഉറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പി.ഡി.പി. കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
എറണാകുളം ഇന്‍സാഫ് ഭവനില്‍ ചേര്‍ന്ന പി.ഡി.പി.സംസ്ഥാന നേതൃയോഗത്തില്‍ വൈസ്ചെയര്‍മാന്‍ അഡ്വ. മുട്ടം നാസര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ് യോഗം ഉദ്ഘാടനം ചെയ്തു. സിയാവുദ്ദീന്‍ പാലക്കാട്, വി.എം.അലിയാര്‍, മുഹമ്മദ് റജീബ്, മൈലക്കാട് ഷാ, മജീദ് ചേര്‍പ്പ്, ബി.എന്‍.ശശികുമാര്‍ , ശശികുമാരി വര്‍ക്കല, സക്കീര്‍ പരപ്പനങ്ങാടി , ഹുസൈന്‍ കാടാംപുഴ, ടി.എ.മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.