പറഞ്ഞിട്ടും പൊളിക്കാത്ത കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നു
പൊന്നാനി : പൊന്നാനി പഴയ അങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീഴൽ തുടരുന്നു. പൊന്നാനി അങ്ങാടിപാലത്തിന് സമീപം ശനിയാഴ്ച വൈകീട്ട് ഇരുനിലകെട്ടിടം തകർന്നുവീണതാണ് ഒടുവിലത്തെ സംഭവം. ആളപായമില്ല. കാലപ്പഴക്കം മൂലമാണ് കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഈ പഴയ പൊന്നാനി അങ്ങാടിയിൽ തകർന്നുവീണത് ഇരുപതോളം കെട്ടിടങ്ങളാണ്. നഗരസഭ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകിയിട്ടും കെട്ടിട ഉടമകൾ തയ്യാറാകാത്തതാണ് കാരണം.
ചാണ മുതൽ കോടതിപടി വരെ ഒരു കിലോമീറ്ററിൽ ഏത് നിമിഷവും തകർന്നുവീഴാവുന്ന രീതിയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ഏറെയുണ്ട്. പലതിനും ഉടമകൾ തമ്മിലുള്ള തർക്കവും കച്ചവടക്കാരും ഉടമകളും തമ്മിലുള്ള കോടതിവ്യവഹാരവും തടസ്സമാണ്. പല കെട്ടിടങ്ങളും പൊളിഞ്ഞുവീഴുമ്പോൾ വഴിയാത്രക്കാർക്കുവരെ പരിക്കേറ്റിട്ടുണ്ട്.
കെട്ടിടങ്ങൾ പുനഃപരിശോധന നടത്തിയശേഷം മാത്രമേ ഇനി കച്ചവടം നടത്താൻ ലൈസൻസ് പുതുക്കിനൽകുകയുള്ളൂവെന്ന് നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല കനോലി കനാൽ നവീകരണത്തിെന്റ ഭാഗമായി പഴയ അങ്ങാടിയിലെ പാലം വീതി കൂട്ടുകയും ചെയ്യുന്നതോടെ പല കെട്ടിടങ്ങളും ഇവിടെ പൊളിച്ചുനീക്കേണ്ടിവരും. ഇവിടെ റോഡ് വികസനത്തിന് സർക്കാർ അനുമതി നൽകിക്കഴിഞ്ഞു.