വെളിയങ്കോട് ഉമർഖാസി സ്‌മാരക രാഷ്ട്രസേവാ പുരസ്‌കാരം അബ്ദുസ്സമദ് സമദാനി എംപി ഏറ്റുവാങ്ങി
എരമംഗലം : വെളിയങ്കോട് ഉമർഖാസി ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഉമർഖാസി സ്‌മാരക രാഷ്ട്രസേവാ പുരസ്‌കാരം ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപി ഏറ്റുവാങ്ങി. വെളിയങ്കോട് പൂക്കൈത കൺവെൻഷൻ സെൻറർ ഉമർഖാസി നഗറിൽ നടന്ന വെളിയങ്കോട് ഉമർഖാസി ചരിത്രസെമിനാറിലും കുടുംബസംഗമത്തിലും മുൻ നിയമസഭാ സ്‌പീക്കർ വി.എം. സുധീരനിൽനിന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ലോകം അറിയപ്പെടേണ്ട സ്വാതന്ത്ര്യസമര നായകനായ ഉമർഖാസിയുടെ ചരിത്രം പ്രാദേശികമായി മാത്രമല്ല സംഘടിപ്പിക്കേണ്ടതെന്നും സംസ്ഥാനതലത്തിലും ദേശീയതലത്തിലും ഉമർഖാസിയുടെ ചരിത്ര സെമിനാറുകൾ സംഘടിപ്പിക്കാൻ കുടുംബം മുന്നോട്ടുവരണമെന്നും സുധീരൻ പറഞ്ഞു.
ഉമർഖാസിയുടെ ചരിത്രം നിലനിർത്താനും വിദ്യാർഥികൾക്ക് പഠനസൗകര്യം ഉറപ്പാക്കാനും സർക്കാർതലത്തിൽ ഇടപെടുമെന്നും ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നതിന് ഉമർഖാസി കുടുംബത്തിന് കേരളത്തിന്റെ തലസ്ഥാനത്തും ഇന്ത്യയുടെ തലസ്ഥാനത്തും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിത്തരുമെന്നും സമദാനി പറഞ്ഞു.
ചരിത്ര സെമിനാർ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എംപിയും കുടുംബസംഗമവും സാംസ്‌കാരിക സമ്മേളനവും കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീറും ഉദ്ഘാടനംചെയ്തു. ഉമർഖാസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റിട്ട. ഡിഐജി എം.ടി. മൊയ്തുട്ടി ഹാജി അധ്യക്ഷനായി.
മുൻ എംപി സി. ഹരിദാസ് മുഖ്യപ്രഭാഷണവും ഒ.ടി. മുഹിയുദ്ദീൻ മൗലവി അനുസ്‌മരണ പ്രഭാഷണവും നടത്തി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുടുംബാംഗങ്ങളെ അനുമോദിച്ചു.
ഉമർഖാസി മഖ്ബറ സിയാറത്തിന് യഹിയ മൗലവി കൊല്ലം നേതൃത്വംനൽകി.
ട്രസ്റ്റ് ജനറൽസെക്രട്ടറി റസാഖ് കൂടല്ലൂർ, ഒ.ടി. മുഹമ്മദ്, കുഞ്ഞു മാറഞ്ചേരി, ഹുസൈൻ കടക്കൽ, പി.പി.എം. ജമാലുദ്ദീൻ, പ്രൊഫ. വി.കെ. ബേബി, ജമാൽ ചേന്നര, റിയാസ് പഴഞ്ഞി, എം.ടി. ഉമർ സലീം, റഷീദ് കളത്തിപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു