വർദ്ധിച്ചു വരുന്ന കാട്ടു പന്നി,തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ടനകം യൂണിറ്റ് കാലടി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി
എടപ്പാൾ: കാലടി പഞ്ചായത്ത് കണ്ടനകം പ്രദേശത്തെ വാർഡ് 10ൽ മൂന്ന് പ്രധാന നഗറുകൾ (ചോല വളപ്പ്, താഴത്തു പറമ്പ്, 10 സെന്റ് ) ഉൾപ്പെടുന്ന പ്രദേശത്ത് പകൽ സമയങ്ങളിൽ പോലും കാട്ടുപന്നിയുടെ ശല്യം വർദ്ധിച്ചു വരികയാണ്. കൃഷിനാശവും ഒപ്പം കുട്ടികൾക്കും കാൽനട യാത്രികർക്കും കൂടാതെ ബൈക്ക് യാത്രക്കാർക്ക് പോലും റോഡിൽ ഇറങ്ങാനാകാത്ത അനുഭവങ്ങൾ ഈ പ്രദേശത്തുണ്ടായി. കുട്ടികളുൾപ്പെടെ ജീവനുപോലും ഭീഷണിയാകുന്ന സ്ഥിതി.
സമീപ വാർഡിൽ കഴിഞ്ഞ ദിവസം വ്യാപകമായി ഈ പ്രദേശത്ത് കൃഷിനാശമുണ്ടായി.
തെരുവ് നായ്ക്കളുടെ ശല്യവും ഇവിടെ ചെറുതല്ല.പന്നികളെ പിടിക്കുന്നതിനും സംസ്‌കരിക്കുന്നതുൾപ്പെടെ പ്രവൃത്തികൾക്കും അനുമതിയും തുക അനുമതിയും ലഭിച്ചിട്ടും നാളിതുവരെ പഞ്ചായത്ത് നടപടികൾ സ്വീകരിച്ചിട്ടില്ല. തെരുവ്നായ്ക്കളുടെ വന്ധ്യംകരണം, എ.ബി.സി എന്നിവയും നടപ്പിലാക്കാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
ഈ സാഹചര്യത്തിൽ അടിയന്തരമായി പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികളും തെരുവ്നായ ശല്യം മറി കടക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന്
ഡി.വൈ.എഫ്.ഐ കണ്ടനകം കമ്മറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരുമായി ഡിവൈഎഫ്ഐ നേതാക്കൾ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ വേട്ടക്കാരനെ വിളിച്ചു സംസാരിക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കാട്ടുപന്നികളെ വേട്ടയാടി പിടിക്കും എന്നുള്ള ഉറപ്പു രേഖാമൂലം പഞ്ചായത്ത് അധികൃതർ എഴുതി നൽകി. ഡി.വൈ.എഫ്.ഐ ഭാരവാഹികളായ വിനീത്, അർജുൻ, ശരത്ത്, മണികണ്ഠൻ, അനന്ദു എന്നിവർ സംബന്ധിച്ചു.