നവമാധ്യമങ്ങളിലെ മതസ്പർദ്ധക്ക് അറുതി വേണം; നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന മതസ്പർദ്ധ വളർത്തുന്ന പോസ്റ്റുകൾക്ക് അറുതി വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകമുൾപ്പെടെ സംസ്ഥാനത്ത് സംഘർഷ സാധ്യതയുണ്ടാക്കിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
നവമാധ്യമങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഇടപെടല്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കേരള പൊലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കും. സമൂഹിക മാധ്യമ ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്, ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കേരള പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, കേരളത്തെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ശേഷം നാല് ദിവസം പിന്നിടുമ്പോഴും കൃത്യം നിര്‍വഹിച്ച പ്രതികളിലേക്ക് എത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. സംസ്ഥാന വ്യാപകമായി തിരച്ചില്‍ തുടരുമ്പോഴും ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കാളിത്തമുള്ളവരെ കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷാന്റെയും രഞ്ജിത്തിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉന്നതതല ഗൂഢാലോചനയും, ആസൂത്രണവും നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ സ്ഥിരീകരിക്കുന്നു.