തേനിയിൽ വിനോദയാത്രയ്ക്കിടെ ബസിന് തീപിടിച്ചു: കുട്ടികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു
തേനി: പാലക്കാട് ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 45 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും അടങ്ങുന്ന സംഘം അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഞായറാഴ്ച ഉച്ചയ്ക്ക് മുൻപ് തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ദേവദാനപ്പട്ടിക്ക് സമീപമാണ് അപകടമുണ്ടായത്.
ശനിയാഴ്ച പുലർച്ചെ സ്കൂളിൽ നിന്ന് പുറപ്പെട്ട സംഘം കൊടൈക്കനാൽ സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻഭാഗത്തെ ചക്രം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി പരിശോധിച്ചു. തുടർന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാരെ മുഴുവൻ വേഗത്തിൽ പുറത്തിറക്കുകയായിരുന്നു. ആളുകൾ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തീ ബസിലുടനീളം പടർന്നുപിടിക്കുകയും വാഹനം പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു.
സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. വിനോദയാത്ര സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ബദൽ യാത്രാസൗകര്യങ്ങൾ അധികൃതരുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു.