തെരുവിൽ കഴിയുന്നവർക്ക് ഓണസദ്യ വിളമ്പി വാർഡ് മെമ്പർ
വട്ടംകുളം പഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മിററി ചെയർമാൻ എം.എ.നജീബ് തിരുവോണ സദ്യ ഒരുക്കി നൽകിയത്
എടപ്പാൾ: താളം തെറ്റിയ മനസിനാൽ ജീവിതം പകച്ചുപോയവർക്ക് ഓണസദ്യ വിളമ്പി പഞ്ചായത്ത് മെമ്പർ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും, കടത്തിണ്ണകളും വീടായി കരുതുന്ന എട്ടുപേർക്കാണ് വട്ടംകുളം പഞ്ചായത്ത് വികസന സ്റ്റാൻറിങ്ങ് കമ്മിററി ചെയർമാൻ എം.എ.നജീബ് തിരുവോണ നാളിൽ സദ്യ നൽകിയത്. ഉറ്റവരും, ഉടയവും ഉണ്ടായിരുന്ന കാലത്ത് ഓണസദ്യ കഴിച്ചതിൻ്റെ രുചി നാവിൻതുമ്പിലെത്തിയതിനാൽ ചിലർ കണ്ണീർ പൊഴിച്ചു. തൂശനിലയിൽ പായസം അടക്കം വിഭവസമൃദ്ധമായ സദ്യ വിളമ്പി നൽകി അത് കഴിക്കുമ്പോഴാണ് ഓണമാണെന്ന് ചിറകീഴ് സ്വദേശിയായ നാരായണൻ ഓർത്തെടുത്തത്.
പത്തും, പതിനഞ്ചും വർഷം മുമ്പ് വീട് വിട്ടിറങ്ങി ആരോരും തിരിഞ്ഞു നോക്കാനില്ലാത്തതിനാൽ നാട്ടുകാർ നൽകുന്ന ഭക്ഷണമാണ് ഇവർക്ക് കൂട്ട് .വീട്ടിൽ ഭാര്യ യും മക്കളും ചേർന്ന് തയ്യാറാക്കിയ വിഭവങ്ങളടങ്ങിയ സദ്യവട്ടവുമായി വണ്ടിയിൽ കറങ്ങിയാണ് എം.എ.നജീബ് സദ്യ വിളമ്പി നൽകിയത്.പൊന്നാനി, കൊല്ലം ചവറ, പട്ടാമ്പി, രാമനാട്ടുകര സ്വദേശികളുൾപ്പെടെ എം.എ.നജീബിൻ്റെ കൈകളിലൂടെ വീണ്ടും ഓണസദ്യയുടെ രുചിയറിഞ്ഞു. വട്ടം കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടു കൂടിയായ നജീബ് എല്ലാവർക്കും സദ്യ വിളമ്പി നൽകി അവരുടെ പഴയ കാല ഓണ ഓർമ്മകളിലും പങ്കു ചേർന്നു.