തുറമുഖ വകുപ്പിന്റെ മണലെടുപ്പ് ഭാരതപ്പുഴയിൽനിന്ന് : നടപടിയില്ല
പൊന്നാനി : തുറമുഖ മണലെടുപ്പിന്റെ പേരിൽ മണൽവാരൽ നടക്കുന്നത് ഭാരതപ്പുഴയിൽനിന്ന്. മണൽവാരുന്നതിന് ദൂരപരിധി നിശ്ചയിച്ച് അടയാളം സ്ഥാപിക്കണമെന്ന റവന്യൂവകുപ്പിന്റെ ആവശ്യം മുഖവിലക്കെടുക്കാതെ തുറമുഖ വകുപ്പ്. ഭാരതപ്പുഴയിൽനിന്നുള്ള മണലെടുപ്പ് നിർത്തിവെച്ചിട്ട് വർഷങ്ങളായെങ്കിലും പൊന്നാനിയിൽ തുറമുഖ മണലെടുപ്പിന്റെ പേരിൽ മണൽവാരൽ ഇപ്പോഴും തകൃതിയായി നടക്കുകയാണ്.
തുറമുഖത്തെ ചളി നീക്കംചെയ്യുന്നതിന്റെ മറവിലാണ് ഭാരതപ്പുഴയിൽനിന്നുള്ള മണൽവാരൽ. ഈശ്വരമംഗലം ശ്മശാനം ഭാഗത്തുനിന്നുവരെ മണലെടുത്ത് കൊണ്ടുപോകുന്നുണ്ട്. ഭാരതപ്പുഴയിൽനിന്ന് വാരുന്ന മണലും കുറ്റിപ്പുറത്തെ കിൻഫ്രപാർക്കിലെ പ്ലാന്റിലെത്തിച്ച് വില്പന നടത്തുകയാണ്. ഭാരതപ്പുഴയിൽനിന്ന് മണൽവാരരുതെന്ന് നാട്ടുകാർ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ട് ആരും ചെവിക്കൊള്ളുന്നില്ല.
മണലെടുപ്പിനുള്ള അതിർത്തിനിർണയിച്ച് കൊടിസ്ഥാപിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിലും വില്ലേജ് ജനകീയ സമിതി യോഗത്തിലും ആവശ്യമുയർന്നിരുന്നു.
മണൽവാരൽ തടയാൻ അതിർത്തിയിൽ കൊടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പോർട്ട് അധികൃതർക്കും തഹസിൽദാർക്കും ഈഴുവത്തിരുത്തി വില്ലേജ് ജനകീയസമിതി കത്ത് നൽകിയിരുന്നു. തുറമുഖവകുപ്പിന്റെ മണലെടുപ്പിന് ദൂരപരിധി നിശ്ചയിക്കണമെന്ന് തഹസിൽദാർ നാലുതവണ പോർട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
അഴിമുഖത്തുനിന്ന് ഉപ്പുവെള്ളം കയറുന്ന പ്രദേശമായതിനാൽ മണലെടുപ്പ് ഭീഷണിയാണ്. രാവിലെ മുതൽ തോണികളുമായെത്തി തൊഴിലാളികൾ മണൽവാരൽ ആരംഭിക്കും. കരയോട് ചേർന്നുള്ള മണലെടുപ്പ് പുഴയോരപാതയായ കർമറോഡിനും ഭീഷണിയായ സാഹചര്യത്തിൽ പൊതുമരാമത്ത് വിഭാഗം ഇതിനെതിരേ രംഗത്തുവന്നിരുന്നു. പുഴയിൽ ഒട്ടേറേപ്പേർ കക്കവാരുന്ന സ്ഥലംകൂടിയാണിത്. മണലെടുപ്പ് കക്കവാരുന്നവർക്കും അപകടഭീഷണിയുയർത്തുന്നുണ്ട്