തിരൂര്‍ പച്ചാട്ടിരിയില്‍ ലഹരി സംഘത്തിന്‍റെ ആക്രമണം; മൂന്ന് യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരൂര്‍: പച്ചാട്ടിരിയില്‍ ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു. പച്ചാട്ടിരി സ്വദേശികളായ ഹസി, വിനീഷ്, വസീം എന്നിവര്‍ക്കാണ് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഹസി, വിനീഷ്, വസീം എന്നിവരെ പച്ചാട്ടിരിയില്‍ തടഞ്ഞ് നിര്‍ത്തി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വാള്‍ ഉള്‍പ്പെടെയുള്ള മാരകായുദ്ധങ്ങളുമായാണ് ലഹരി സംഘം യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹസിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാളെ തിരൂര്‍ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. പച്ചാട്ടിരിയില്‍ ലഹരി സംഘത്തിന്റെ വിളയാട്ടത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് സംഘടനകളും ഉള്‍പ്പെടെയുള്ളവര്‍ തിരൂര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി സംഘങ്ങള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നിരുന്ന യുവാക്കള്‍ക്കെതിരെ ആക്രമണം ഉണ്ടായത്.