മൂക്കുതല സ്കൂളിലെ തല തിരിഞ്ഞ വികസനം :സിന്തറ്റിക് ട്രാക്കിനെതിരെ നാട്ടുകാരുടെ വ്യാപക പ്രതിഷേധം
ചങ്ങരംകുളം:മൂക്കുതല ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂളിൽ ഫുട്ബോൾ ഗ്രൗണ്ട് ഇല്ലാതാക്കി സിന്തറ്റിക് ട്രാക്ക് കൊണ്ടുവന്ന അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദ്ഘാടനവേദിയിൽ പ്രതിഷേധമറിയിച്ച് ഫുഡ് ബോൾ താരങ്ങളും നാട്ടുകാരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ജില്ലയിലെഫുഡ് ബോൾ ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലമാണ് മൂക്കുതല, ജില്ലയിലെ വലിയ സ്കൂൾ ഗ്രൗണ്ടുകളിലൊന്ന് ഇവിടെയാണ്. ജില്ലാ ദേശീയ ടീമുകളിലും നിരവധി താരങ്ങളെ നാടിനു സംഭാവന ചെയ്ത സ്ഥലമാണ് മൂക്കുതല ഗ്രാമം.മാസങ്ങൾ നീളുന്ന സംസ്ഥാനത്തെ വലിയ സെവെൻസ് മത്സരങ്ങൾ പലതും നടന്നത് ഇവിടെ ആയിരുന്നു.
മൂക്കുതല സ്കൂളിലെ വലിയ ഗ്രൗണ്ട് കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ ഫുട്ബോൾ ക്യാമ്പുകളും പരിശീലനങ്ങളും മത്സരങ്ങളും നടന്നിരുന്നത്.കേരളത്തിലെ മികച്ച പല പരിശീലകരുംഈ ഗ്രൗണ്ടിൽ കായിക പ്രതിഭകളെ പരിശീലിപ്പിച്ചിട്ടുണ്ട്.ദൂര സ്ഥലങ്ങളിൽ ഉള്ള കളിക്കാർ വരെ പരിശീലനത്തിന് ഇവിടെ എത്തുന്നത് പതിവ് കാഴ്ച ആയിരുന്നു.കളിക്കളം നവീകരണം എന്നപേരിൽ സിന്തറ്റിക് ട്രാക്ക് എന്ന ആശയം പി ശ്രീരാമ കൃഷ്ണൻ എം എൽ എ ആയിരുന്നപ്പോൾ കൊണ്ടുവന്നതാണ്. അന്ന് തന്നെ ഇതിൽ പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു. എന്നാൽ സി പി എം നേതൃത്വത്തിൽ ചിലരുടെ ഇടപെടലിൽ പദ്ധതിയുമായി മുന്നോട്ട് പോയി.
എല്ലാവർക്കും കളിക്കാൻ കഴിയുന്ന തരത്തിൽഗ്രൗണ്ട് നവീകരിക്കും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.എന്നാൽ നിലവിൽ സ്പോർട്സ് കൗൺസിലിനു കീഴിൽ ആണ് ട്രാക്കിന്റെ പരിപാലനം. ഇത് കൊണ്ട് തന്നെ പുറത്തുള്ളവർക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാനും പരിശീലനത്തും കഴിയില്ല. ഇതോടെ നാട്ടിലെ ഫുഡ് ബോൾ തരങ്ങൾക്ക് പരിശീലനം നടത്താൻ ഗ്രൗണ്ട് ഇല്ലാത്ത അവസ്ഥ യായി. മൂന്നു കോടി രൂപ ചിലവിൽ ആണ് സിന്തറ്റിക് ട്രാക്ക് നിർമിച്ചിരിക്കുന്നത്.ഇതിന്റെ നടുവിൽ ഫുട്ബോൾ ടർഫ് എന്നാണ് നിർമാണ സമയത്ത് പറഞ്ഞിരുന്നത്.എന്നാൽ നിലവിൽ ഉള്ള ടർഫിൽ ത്രോ ഇനങ്ങൾക്കുള്ള സംവിധാനം ആണ് ഒരുക്കിയിരിക്കുന്നത്. ഇത് കോൺഗ്രീറ്റ് ഇട്ടത് ആയതിനാൽ ഫുട്ബാൾ കളിക്കാൻ അനുയോജ്യമല്ല. നിലവിലെ ഈ അവസ്ഥയിലേക്ക് എത്തിച്ചതിൽ പ്രതിഷേധം അറിയിക്കാൻ ഉത്ഘാടകൻ ആയ കായിക വകുപ്പ് മന്ത്രി യെ പ്രദേശത്തെ ഫുട്ബോൾ പ്രേമികൾ വിളിച്ചിരുന്നു. എന്നാൽ ഉൽഘാടനത്തിനു മന്ത്രി എത്തിയില്ല. ഇതോടെ ഫുട്ബോൾ ജഴ്സിയണിഞ് മന്ത്രിയെ കാണാനെത്തിയ കളിക്കാർ മടങ്ങി.സിന്തറ്റിക് ട്രാക്ക് വന്നതോടെ ഫുഡ്ബോൾ പെരുമയുടെ വലിയൊരു പ്രതാപം പേറിയിരുന്ന മൂക്കുതല ഗ്രാമം വിസ്മൃതിയിലേക്ക് മറയുകയാണ്.ദീർഘവീക്ഷണം ഇല്ലാതെ ഒരു പ്രദേശത്തിന്റെ കായിക സ്വപ്നങ്ങളെയും വളർന്നു വരുന്ന പ്രതിഭകളെയും നഷ്ടപ്പെടുത്തിയ തല തിരിഞ്ഞ വികസന പദ്ധതിക്ക് കാലം മറുപടി പറയുമെന്നാണ് നാട്ടുകാർ പറയുന്നത്.