കോഴിയുടെ വിലയും കുതിക്കുന്നു
വേനൽ കനത്തതോടെ പ്രാദേശിക വളർത്തുകേന്ദ്രങ്ങളിലെ കോഴി ഉൽപ്പാദനം കുത്തനെ കുറഞ്ഞു.ഇതുമൂലം കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ 60 രൂപയാണ് കിലോയ്ക്ക് വർധിച്ചത്. 220 മുതൽ 240 വരെയാണ് പൊതുവിപണിയിൽ കോഴിയിറച്ചി വില. വേനൽക്കാലത്ത് കോഴികൾക്ക് രോഗം വരുന്നത് സാധാരണയായതിനാൽ പ്രാദേശികമായ ഫാമുകൾ ഉൽപാദനം കുറയ്ക്കുന്ന സീസണാണിത്. കോഴിത്തീറ്റ വില കുത്തനെ ഉയർന്നതും വിലവർധനവിന് കാരണമായതായി വ്യാപാരികൾ പറയുന്നു.
ഒരാഴ്ച മുൻപ് നഗരത്തിൽ കിലോയ്ക്ക് 180 രൂപയായിരുന്നു ബ്രോയിലർ കോഴിയിറച്ചിയുടെ വില. തമിഴ്നാട്ടിൽനിന്നുള്ള വരവ് കുറഞ്ഞതോടെ 230 ആയി ഉയർന്നു. ഗ്രാമീണ മേഖലകളിൽ 240 വരെയായിട്ടുണ്ട്. ലഗോൺ വില 190 രൂപയും സ്പ്രിങ് ചിക്കന് 210 രൂപയുമായി വർധിച്ചു. കാടയുടെ വിലയും കൂടിയിട്ടുണ്ട്.
മാത്രമല്ല തീറ്റ വില ചാക്കിന് 1300 രൂപയായിരുന്നത് മൂന്നുമാസം കൊണ്ട് 2170 ആയി വർധിച്ചു. ഇതോടെ കോഴികൾക്കായി പൂർണമായും തമിഴ്നാട്ടിലെ ഫാമുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
