പൊന്നാനി അഴിമുഖത്തെ മണൽത്തിട്ട ബോട്ടുകൾക്ക് അപകട ഭീഷണി
പൊന്നാനി : ബോട്ടുകൾക്ക് ഭീഷണിയായി അഴിമുഖത്ത് മണൽത്തിട്ട. ഹാർബർ പ്രദേശത്ത് ആഴം കൂട്ടാനുള്ള പദ്ധതിക്ക് അനുമതി വൈകുന്നു. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് മണൽത്തിട്ട നീക്കം ചെയ്യണമെന്നത്. ഹാർബർ പ്രദേശവും പോർട്ട് ഓഫിസിന്റെ മുൻവശത്തായി ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗവുമെല്ലാം അത്യാവശ്യമായി ആഴം കൂട്ടേണ്ട ഭാഗങ്ങളാണ്. രണ്ടര മീറ്ററാണ് നിലവിൽ ഹാർബറിനോടു ചേർന്നുള്ള ആഴം പറയുന്നതെങ്കിലും പല ഭാഗത്തും മണൽത്തിട്ട വന്നടിഞ്ഞിട്ടുണ്ട്. പുലിമുട്ടുകൾക്കിടയിലൂടെ ഹാർബറിലേക്കുള്ള ബോട്ടുകളുടെ സഞ്ചാര വഴിയിലും മണൽ തിട്ട രൂപപ്പെട്ടിട്ടുണ്ട്.
ചില ഭാഗങ്ങളിൽ നല്ല ആഴവും ചിലയിടങ്ങളിൽ അപ്രതീക്ഷിത മണൽ തിട്ടയും രൂപപ്പെട്ടുവരുന്നതാണ് ഏറെ ഭീഷണി ഉയർത്തുന്നത്. ഹാർബർ പ്രദേശം ആഴം കൂട്ടുന്നതിനായി ഹാർബർ എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. പുലിമുട്ടുകൾക്കടുത്തുള്ള കടൽത്തീരം 6 മീറ്റർ വരെ ആഴമുണ്ടെന്നാണ് ഏറ്റവും ഒടുവിൽ നടന്ന ഹൈഡ്രോഗ്രഫിക് സർവേയിൽ വ്യക്തമായിരുന്നത്. എന്നാൽ ബോട്ടുകളുടെ സഞ്ചാരവഴിക്കിടയിൽ വലിയൊരു മണൽത്തിട്ട രൂപപ്പെട്ടത് സർവേയിൽ വ്യക്തമായിരുന്നു.
ഭാഗ്യം കൊണ്ട് മാത്രമാണ് ബോട്ടുകൾ അപകടത്തിൽ പെടാത്തത്. ഹാർബറിനോടടുക്കുന്ന ഭാഗങ്ങളിൽ മണൽത്തിട്ട കൂടുതലായി വരുന്നുണ്ട്. കൃത്യമായ സർവേയും ആഴം കൂട്ടലും അടിയന്തരമായി നടപ്പാക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്. പുഴയിൽ നിന്നൊഴുകിയെത്തുന്ന മണൽ ഹാർബർ പ്രദേശത്ത് വന്നടിയുന്ന സാഹചര്യമുണ്ട്. കപ്പലുകൾക്ക് കടന്നുവരാൻ വഴിയൊരുക്കുന്ന തരത്തിൽ ആഴം കൂട്ടാൻ കഴിഞ്ഞാൽ വൻ സാധ്യതകളിലേക്കാണ് പൊന്നാനി തീരമെത്തുക. അതേസമയം, തുറമുഖ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ വാർഫ് നിർമിക്കാൻ പദ്ധതികൾ തയാറാക്കിയിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.