ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്: പന്ത്രണ്ടാം തവണയുംഐഡിയൽ
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന അമ്പതാമത് ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി പന്ത്രണ്ടാം തവണയും കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ ജേതാക്കൾ.
50 സ്വർണവും 51 വെള്ളിയും 34 വെങ്കലവുമടക്കം 850.5 പോയിന്റാണ് ഐഡിയലിന്റെ സമ്പാദ്യം.
26 സ്വർണവും 40 വെള്ളിയും 36 വെങ്കലവും നേടി 774 പോയിന്റുമായി കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ രണ്ടാംസ്ഥാനം നേടി. ത്രോ ഇനങ്ങളിലെ മികവുമായി 168.5 പോയിന്റ് നേടിയ കാവനൂർ സി.എച്ച്.എം.കെ.എം.എച്ച്.എസ്.എസിനാണ് മൂന്നാംസ്ഥാനം. ഏഴു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവമടക്കം 168.5 പോയിന്റാണ് ഇവർക്കുള്ളത്. എമേർജ് ട്രെയിനിങ് ക്ലബ്ബ് തവനൂരിനാണ് നാലാംസ്ഥാനം (119 പോയിന്റ്).
കോവിഡ് കാലത്തും ഓൺലൈനായും ഓഫ്‌ലൈനായും കായികപരിശീലനം നൽകാനായതാണ് ചാമ്പ്യൻപട്ടം തുടരാൻ സഹായിച്ചതെന്ന് ഐഡിയൽ കാമ്പസിലെ കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത് പറഞ്ഞു. നതീഷ് ചാക്കോ, തസ്‌നി ഷരീഫ്, ഖൈറുൽബഷർ, ഷഹീർ സത്യാക്കൽ എന്നിവരാണ് ഐഡിയലിന്റെ താരങ്ങളെ മിനുക്കുന്ന പരിശീലകർ.
കഴിഞ്ഞവർഷവും രണ്ടാംസ്ഥാനത്തായിരുന്ന കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ ടീം മികച്ച പ്രകടനമാണ് ഇത്തവണയും പുറത്തെടുത്തത്. ഇവരുടെ ഇരുന്നൂറോളം താരങ്ങളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. കായികാധ്യാപകനായ എം. ഷാജിർ, ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പിഴവുകളില്ലാതെ മേള നടത്താനായതിന്റെ സന്തോഷം സംഘാടകർ പങ്കിട്ടു. സമാപനച്ചടങ്ങ് പി. അബ്ദുൾഹമീദ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് മജീദ് ഐഡിയൽ അധ്യക്ഷതവഹിച്ചു. സർവകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീർഹുസൈൻ, സെക്രട്ടറി കെ.കെ. രവീന്ദ്രൻ, ട്രഷറർ അബ്ദുൾഖാദർ, ഷാഫി അമ്മായത്ത്, മുഹമ്മദ് ഖാസിം, റിഷികേശ് കുമാർ, സൈഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.