എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍; വേഗതയേറിയ മൂന്നാം ലൈനുമായി ദക്ഷിണ റെയില്‍വേ
പാലക്കാട്: കെറെയില്‍ പാതയേക്കാള്‍ സഞ്ചാരവേഗമുളള മൂന്നാം പാതയുമായി ദക്ഷിണ റെയില്‍വേ. ആദ്യഘട്ടം എറണാകുളം-ഷൊര്‍ണൂര്‍ റൂട്ടില്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. മണിക്കൂറില്‍ 160 കി.മീ. വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന പാതയായിരിക്കും മൂന്നാം ലൈന്‍. പദ്ധതി 2024ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
പദ്ധതിക്കായി 1500 കോടി രൂപ അനുവദിച്ചു. മൂന്നാം ലൈന്‍ സംസ്ഥാനമാകെ നടപ്പാക്കാനാണ് ലക്ഷ്യം. മൂന്നാം ലൈന്‍ കേരളാ സര്‍ക്കാര്‍ കൊണ്ടുവരുന്ന കെ റെയിലിനേക്കാള്‍ വേഗത കൂടിയതായിരിക്കുമെന്നാണ് വാദം. ഇതോടെ കെ റെയിലിന് പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്. കെ റെയിലിന്റെ പരമാവധി വേഗം മണിക്കൂറില്‍ 200 കി.മീ. ആണെങ്കിലും ഓപ്പറേറ്റിങ് സ്പീഡ് 135 കി.മീ. മാത്രമാണ്. എന്നാല്‍ മൂന്നാം ലൈനിന്റെ ശരാശരി വേഗം 160 കി.മീ. ആണെന്നുളളതാണ് ശ്രദ്ധേയം.
ഒരു വര്‍ഷം മുമ്പ് മൂന്നാം ലൈന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കാനുളള കാലതമാസവും സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് പദ്ധതി മരവിപ്പിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു.ചരക്കുനീക്കവും മുന്നില്‍ കണ്ടാണ് മൂന്നാം ലൈന്‍ പദ്ധതി കൊണ്ടുവരുന്നത്.
പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ യാര്‍ഡ് റീ മോഡലിങ്, പാലക്കാട് ഭാഗത്തേക്ക് പുതിയ ലൈനുകള്‍, ഭാരതപ്പുഴക്ക് കുറുകെ പുതിയ പാലം, ഷൊര്‍ണൂരില്‍ നിന്ന് പാലക്കാട്-കോയമ്പത്തൂരിലേക്ക് ആരംഭിക്കുന്ന ലൈനിന് പകരം വളളത്തോള്‍ നഗറില്‍ നിന്ന് പുതിയ ലൈന്‍ എന്നിവ തുടങ്ങും.
ഷൊര്‍ണൂര്‍ യാര്‍ഡ് രണ്ടു ഗ്രിഡായി ഭാഗിച്ച് 1,2,3 ഭാഗങ്ങള്‍ പാലക്കാട്-കോഴിക്കോട് ട്രെയിനുകള്‍ക്കും 4,5,6,7 ഗ്രിഡ് കോഴിക്കോട്-തൃശൂര്‍ റൂട്ടിലെ ട്രെയിനുകള്‍ക്കുമായി ഉപയോഗിക്കും. സിഗ്നല്‍ സംവിധാനത്തിന്റെ നവീകരണവും ഉണ്ടാകും.
ഭാവിയില്‍ മൂന്നാം ലൈന്‍ കാസര്‍ഗോഡ് മുതല്‍ ഷൊര്‍ണൂര്‍ വരെ നീട്ടാനും എറണാകുളത്തുനിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് നീട്ടാനും തീരുമാനമുണ്ട്. പദ്ധതി കൊണ്ടുവരുന്നതിലൂടെ ആരേയും കുടിയൊഴിപ്പിക്കില്ല എന്ന സവിശേഷതയും ദക്ഷിണ റെയില്‍വേ ചൂണ്ടിക്കാണിക്കുന്നു.