അടുത്തറിഞ്ഞ് ധാരണ തിരുത്താൻ സന്നദ്ധമാകണം : സിദ്ധീഖ് മൗലവി
ചങ്ങരംകുളം: മത വിദ്യാഭ്യാസ ബോർഡുകൾക്കു കീഴിലായി വ്യവസ്ഥാപിതമായി നടന്നു വരുന്ന ഇരുപത്തി അയ്യായിരത്തോളം മദ്റസകളുടെ പാഠ്യപദ്ധതികളും പ്രവർത്തനങ്ങളും മാനവികതയുടെ മഹിത സന്ദേശങ്ങളിലധിഷ്ഠിതവും സുതാര്യവുമാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാൻ വിമർശകരും തെറ്റിദ്ധരിച്ചവരും സന്നദ്ധമാവണമെന്ന് കേരള മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. കാളാചാലിൽ ഓഡി റ്റോറിയത്തിൽ മദ്‌റസാക്ഷേമ ബോർഡ് സംഘടിപ്പിച്ച ടീച്ചേഴ്സ് കോൺഫ്രൻസിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ബോർഡംഗം പി കെ മുഹമ്മദ് ഹാജി ചേളാരി ഉദ്ഘാടനം ചെയ്തു.സി ഇ ഒ അബ്ദുന്നാസർ വിഷയാവതരണം നടത്തി. പെൻഷൻ തുക വർദ്ധിപ്പിക്കുക , ഭവന വായ്പയുൾപ്പെടെ ആശ്വാസ പദ്ധതികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വകുപ്പ് മന്ത്രിക്കുള്ള നിവേദനം അദ്ധ്യാപക സംഘടനാ ജില്ലാ നേതാക്കൾ ബോർഡ് ഡയറക്ടർമാർക്കു സമർപ്പിച്ചു. ജില്ലാ കോഡിനേറ്റർ അശ്റഫ് സഖാഫി മുതുകാട് സ്വാഗതവും മൊയ്തീൻ മുസ്‌ലിയാർ നന്ദിയും പറഞ്ഞു