EDAPPALLocal news

എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു:പാവറട്ടിയിലെ കൊലക്കേസ് പ്രതി

മരിച്ചത് തമിഴ്‌നാട് സ്വദേശിനിയും കടവല്ലൂരിൽ താമസക്കാരിയുമായിരുന്ന ഹംസവല്ലി

എടപ്പാൾ: റോഡരുകിൽ കിടന്നുറങ്ങുമ്പോൾ ശരീരത്തിലൂടെ ലോറി കയറി മരിച്ച സ്ത്രീ കൊലപാതക കേസിലെ പ്രതി.തിരിച്ചറിയാതെ അജ്ഞാത സ്ത്രീയെന്ന നിലയിൽ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതശരീരം സൂക്ഷിച്ച ശേഷം ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ചുരുളഴിഞ്ഞത്.തമിഴ്‌നാട് സ്വദേശിനിയും കടവല്ലൂരിൽ താമസക്കാരിയുമായിരുന്ന ഹംസവല്ലി(50)ആണ് മരിച്ചത്. 2018-ൽ പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ മൂന്നു പ്രതികളിലൊരാളായിരുന്നു ഇവർ. ഇവരും ഭർത്താവ് തമിഴ്‌നാട് സ്വദേശിയുമായ പരേതനായ കിച്ചപ്പിള്ളിയും പാവറട്ടിയിലാണ് കഴിഞ്ഞിരുന്നത്. കിച്ചപ്പിള്ളിയെ കൂടാതെ ഇവർ പാർത്ഥീവൻ എന്നയാളുമായി പ്രണയത്തിലുമായിരുന്നു. ഇതിനിടയിലൊരു ദിവസം ഇവരെ ലൈംഗികമായി ആക്രമിക്കാൻ വന്ന ഒരാളുമായുണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ ഇവർ മൂന്നു പേരും ചേർന്ന് ഇയാളെ കൊലപ്പെടുത്തി. ഈ കേസിൽ അറസ്റ്റിലായിരുന്ന മൂന്നു പേരിൽ കിച്ചപ്പിള്ളി വിചാരണക്കിടെ ജയിലിൽ വെച്ചാണ് മരിച്ചത്. ശേഷിച്ചവരിൽ ഹംസവല്ലിയും മരിച്ചതോടെ ഇനി പാർത്ഥീവൻ മാത്രമാണവശേഷിക്കുന്നത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലിറങ്ങി പുറത്തുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ എടപ്പാൾ തൃശൂർ റോഡരുകിൽ കിടന്നുറങ്ങുകയായിരുന്ന ഹംസവല്ലിയുടെ ശരീരത്തിലൂടെ കടകളിൽനിന്ന് മാലിന്യം കയറ്റാൻ വന്ന ലോറി പിറകിലേക്കെടുക്കുമ്പോൾ കയറിയിറങ്ങുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button