പൊന്നാനിയിലെ പെരുന്നാൾ രാവ് ആഘോഷ പരിപാടിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
പൊന്നാനി: പൊന്നാനി ജുമുഅത്ത് പള്ളിയുടെ പരിസരത്ത് നടക്കുന്ന പെരുന്നാൾ രാവ് ആഘോഷ പരിപാടിക്കെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
‘ആനയുടെ കുറവ് മാത്രം’ എന്ന തലക്കെട്ടൊടെ തുടങ്ങുന്ന പോസ്റ്ററിൽ വൻ പ്രതിഷേധമാണ് പെരുന്നാൾ രാവ് ആഘോഷത്തിനെതിരെ അറിയിച്ചിരിക്കുന്നത്.
പൊന്നാനി അങ്ങാടിയിലെ സജീവത തിരികെ കൊണ്ടു വരാനായി പൊന്നാനി ജുമുഅത്ത് പള്ളിയുടെ പരിസരത്ത് നടക്കുന്ന പെരുന്നാൾ രാവ് ആഘോഷ പരിപാടിക്കെതിരെ പൊന്നാനിയിൽ നിന്നും തന്നെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
റമദാനിലെ ഏറ്റവും പുണ്യമായ ദിനങ്ങളിൽ തന്നെ ഇത്തരം വൻ ആഘോഷ പരിപാടികൾ വേണോ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്നത്.
പൊന്നാനിയിലെ പെരുന്നാൾ രാവ് ആഘോഷ പരിപാടിക്കെതിരെ പ്രതിഷേധം അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ചിലർ തയ്യാറാക്കിയ കുറിപ്പുകൾ താഴെ നൽകുന്നു.
●പാനൂസ നൽകുന്ന സന്ദേശം എന്ത്?
മുസ്‌ലിം സമൂഹം വളരെ ഭക്തി പൂർണ്ണമായി കഴിയുന്ന 27ആം രാവ് അടക്കമുള്ള പുണ്യ ദിനങ്ങൾ ആണ് റമളാനിലെ അവസാന പത്ത്. പ്രാർത്ഥന നിർഭരമാവേണ്ട സമയത്ത് പെണ്ണുങ്ങളെ മൈലാഞ്ചി ഇടീക്കാനും, യുവത്വത്തെ മത നിരാസത്തിലേക്കും നയിക്കുക എന്നതാവും പാനൂസ നൽകുന്ന സന്ദേശം. വലിയ ജുമാത്ത് പള്ളിയിലേക്കു ദൂരെ ദിക്കിൽ നിന്നും സന്ദർശകർ വരുന്ന സമയത്ത് അവർക്ക് ഈ പാട്ടും കളിയാണോ മഖ്ദൂമിന്റെ മണ്ണ് നൽകേണ്ടത് ചിന്തിക്കുക പ്രിയമുള്ളവരേ….സ്ഥാനം ആലങ്കരികമാക്കിയും പത്രത്തിൽ നവ മാധ്യമത്തിലും തങ്ങളുടെ ഫോട്ടോ വന്നു അത് കണ്ടു മാത്രം ആർമാദിക്കുന്ന ജെ എം റോഡ് ആസ്ഥനമായി ചില പ്രാഞ്ചികൾ നടത്തുന്ന ഇത്തരം കോമാളിത്തരം പൊതു സമൂഹത്തിനു തന്നെ അപമാനമാണ്. ഉത്തരവാദിത്തപ്പേട്ട പള്ളിയുടെ ഭാരവാഹിത്വത്തിൽ ഇരിക്കുന്നവർ ഇതിന് ഓശാന പാടുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം. നോമ്പ് ഒരിക്കലും ആഘോഷം അല്ല അത് വിശ്വസിയുടെ ദൈവവുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള ദിനങ്ങൾ ആണ്. അത് കൊണ്ട് അധികൃതർ ഇനിയെങ്കിലും ഇത്തരം വേലത്തരത്തിന് ഒരുമ്പെടരുത് എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.
● ഈമാനുള്ളവർ ജാഗ്രതൈ…!
(✒️ഫള്ൽ തങ്ങൾ)
പാനൂസ നടത്താൻ വേറെയും സമയമുണ്ടല്ലോ.
വിശുദ്ധ റമളാനിലെ പവിത്രമായ രാവുകളെ വിശ്വാസികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി ഇബാദത്തുകളാൽ ധന്യമാക്കേണ്ട വിലപ്പെട്ട സമയങ്ങളെ കവർന്നെടുത്ത് ആഘോഷരാവുകളാക്കാൻ ചില മുസ്‌ലിം നാമധാരികൾ പണിയെടുക്കുന്നുണ്ട്.
നമ്മൾ തികഞ്ഞ ജാഗ്രത പാലിക്കുക.
റമളാൻ ഒരിക്കലും ആഘോഷത്തിൻ്റെ മാസമല്ല.
പാപപങ്കിലമായ നമ്മുടെ ജീവിതത്തെ സ്രഷ്ടാവിലേക്കടുപ്പിക്കാൻ റമളാൻ എന്ന പവിത്രമാസത്തെ നാം ഉപയോഗപ്പെടുത്തുക.
പെരുന്നാളിലെ ആഘോഷങ്ങൾക്കും ഇസ്ലാം വ്യക്തമായ രൂപകൽപന ചെയ്തിട്ടുണ്ട്. അതനുസരിച്ചാണ് മുസ്‌ലിമിൻ്റെ ജീവിതം ചിട്ടപ്പെടുത്തേണ്ടത്. പവിത്രമായ സമയങ്ങളുടെ മൂല്യം കുറച്ചു കാണിച്ച്, അതൊക്കെ പുണ്യകരമല്ലാത്ത സംഗതികളാണ് എന്ന് പാവപ്പെട്ടവരുടെ ചിന്തകളിൽ നിറച്ച് സ്രഷ്ടാവായ അല്ലാഹുവിനോട് ബന്ധമുണ്ടാക്കാനുള്ള സുവർണാവസരങ്ങളെ നശിപ്പിക്കുകയാണ് ഇതിൻ്റെ സംഘാടകർ ചെയ്യുന്നത്. ഇതിന് ഓശാന പാടാൻ ചില മുസ്‌ലിം നാമധാരികളുമുണ്ട്.
പറയാതിരിക്കാനാവില്ല,
പൊന്നാനിക്കും ഒരു പാരമ്പര്യമുണ്ട്.
മഖ്ദൂം തങ്ങളുടെ, മഖ്ദൂമുമാരുടെ, മഹാന്മാരായ ഔലിയാക്കളുടെ, സ്വാലിഹീങ്ങളുടെ….
അവർ വരച്ചു കാണിച്ചു തന്ന
സൽപാന്ഥാവിലെത്താൻ നമ്മൾ ഇനിയും എത്രയോ പരിശ്രമിക്കാനുണ്ട്.
അതിനിടയിൽ അവരെയൊക്കെ അവമതിപ്പോടെ കാണുന്ന ചിലരുടെ കുനുഷ്ട് നാം തിരിച്ചറിയുക.
ഒരു നേരത്തെ ആഘോഷത്തിൻ്റെ പേരിൽ നമ്മുടെ ഈമാൻ പണയപ്പെടുത്താതിരിക്കുക.
2 കോവിഡ് കാലങ്ങൾക്ക് ശേഷം വിരുന്ന് വന്ന വിശുദ്ധ റമളാനിൻ്റെ വിലപ്പെട്ട മണിക്കൂറുകൾ തീരുന്നിതാ…
നാം ഇനിയും ഉണരാത്തതെന്ത്…?????
ഇബാദത്തുകളിലും നമ്മുടെ ജീവിതാവശ്യത്തിനുള്ള ജോലികളിലും മാത്രം ശ്രദ്ധ കൊടുക്കേണ്ട റമളാനിൽ മാത്രം പ്രത്യേക ലക്ഷ്യത്തോടെ പുതിയ സിനിമകൾ റിലീസ് ചെയ്ത്, ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ച്, ഫുഡ് ഫെസ്റ്റുകൾ നടത്തി, മഗ് രിബിൻ്റെ സമയങ്ങളിൽ സീരിയലുകൾ, സിനിമകൾ… സംപ്രേഷണം ചെയ്ത്….. പതിയെ പതിയെ നമ്മുടെ ഈമാൻ കവർന്നെടുക്കുന്ന ഒരു ലോബി പ്രവർത്തിക്കുന്നത് നാം തിരിച്ചറിയാതെ പോകരുത്.
ചതിക്കുഴികളിൽ ചെന്നു ചാടി നമ്മുടെ ഈമാൻ നഷ്ടപ്പെടുന്നത് നാം അറിയുകയില്ല, വീടുകളിലുള്ള പാവപ്പെട്ട ഉമ്മമാരുടെയും സഹോദരിമാരുടെയും ഈമാൻ സംരക്ഷിക്കാനും നമുക്ക് ബാധ്യതയുണ്ട്. അവരെയും വീട്ടിൽ നിന്നിറക്കി ആഘോഷരാവിൻ്റെ പങ്കാളികളാക്കാനുള്ള ശ്രമവും നാം തിരിച്ചറിയാതെ പോകരുത്.
മുഅ്മിനീങ്ങൾ അറിവുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുക. അല്ലാത്തവരെ മൗനം കൊണ്ട് അവഗണിക്കുക.