PONNANI

പൊന്നാനി കോൾ മേഖലയിൽ നെല്ല് സംഭരണം മന്ദഗതിയിൽ:കർഷകർക്ക് ദുരിതം

പൊന്നാനി കോൾ മേഖലയിലെ കൊയ്തെടുത്ത നെല്ലിൻ്റെ സംഭരണം വൈകുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കൊയ്തെടുത്ത നെല്ലിൻ്റെ ഭൂരിഭാഗവും
ഇപ്പഴും വയലിൽ തന്നെ കൂട്ടിയിട്ട് കിടക്കുകയാണ്. സംഭരണത്തിൻ്റെ കാലതാമസത്തിനിടെ ഇടവിട്ട് വേനൽമഴ പെയ്യുന്നതിനാൽ വയലിൽ കൂട്ടിയിട്ട നെല്ല് കേട് വരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. കൊയ്തെടുത്ത നെല്ലിന് ആവശ്യമായ സംഭരണ സംവിധാനമില്ലാത്തതും കർഷകരെ വലയ്ക്കുന്നു. സപ്ലൈകോയുടെ കീഴിൽ നെല്ല് സംഭരണത്തിന് നിയോഗിച്ച മില്ലുകൾ വിവിധ കാരണങ്ങൾ പറഞ്ഞ് കർഷകരിൽ നിന്ന് നെല്ലിൻ്റെ തൂക്കത്തിൽ കിഴിവ് ആവശ്യപ്പെടുന്നതായും പരാതികൾ ഉയരുന്നുണ്ട്. നെല്ലിൻ്റെ നിറം കുറവാണന്നും പതിര് കൂടുതലാണന്നും ആരോപിച്ചാണ് മില്ലുകൾ കിഴിവ് ആവശ്യപ്പെടുന്നത്. ഇത്തവണ പൊന്നാനി കോൾ മേഖലയിൽ മികച്ച വിളവാണ് കർഷകർക്ക് ലഭിച്ചത്. അതേ സമയം വേനൽ മഴ മൂലം കൊയ്ത്തിന് ഇരട്ടി ചെലവാണ്. പാടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ട്രാക്ടർ ഇറങ്ങാൻ കഴിയാത്ത അവസ്ഥയും ഉണ്ട്. കൊയ്ത നെല്ല് കരക്കെത്തിക്കാൻ പ്രയാസവും. ഇത് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു. വോട്ടെടുപ്പിന് തൊഴിലാളികൾ വിവിധ സ്ഥലങ്ങളിലേക്ക് പോയതിനാൽ തൊഴിലാളി ക്ഷാമവും രൂക്ഷമാണ്.മഴ നനഞ്ഞതിന്നെ തുടർന്ന് വൈക്കോൽ വിൽപനയും നിലച്ചിരിക്കുകയാണ്.
സംഭരണ സൗകര്യമില്ലാത്തതിനാൽ കർഷകർ വാടകയ്ക്ക് എടുത്ത ടാർപായ പാടത്ത് തന്നെ വിരിച്ച് നെല്ല് കൂട്ടിയിടേണ്ട അവസ്ഥയാണ്. മഴ വീണ്ടും ഭീഷണിയായാൽ നെല്ല് ഉണക്കി നൽകേണ്ട അവസ്ഥയുള്ളതിനാൽ സംഭരണം വേഗത്തിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button