MALAPPURAM
ആഘോഷം അപകടരഹിതമാക്കാൻ മോട്ടോർ വാഹന വകുപ്പ്; വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന
നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും
ആഘോഷ ദിവസങ്ങളിൽ നിരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ആർ.ടി.ഒ സി.വി.എം ഷരീഫ്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർ.ടി.ഒ പറഞ്ഞു.
രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആർ.ടി.ഒ അറിയിച്ചു.