സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമില്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ‘വന്ദേമാതരം’ ആലപിക്കണമെന്ന് നിർദ്ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച പുതിയ സർക്കുലറിൽ ചടങ്ങുകളിൽ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റുനിന്ന് പൂർണ്ണ ആദരവ് പ്രകടിപ്പിക്കണമെന്നും, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കാൻ ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും ദേശീയപതാക ഉയർത്തുന്നത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. എന്നാൽ വന്ദേമാതരം വിഷയത്തിൽ സംസ്ഥാന സർക്കാരിനും യു.ഡി.എഫിനും കൃത്യമായ നിലപാടുണ്ടെന്നും കേന്ദ്രത്തിന്റെ നിർദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സർക്കാരിന് അത്തരം നിലപാടുകളില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കിയത്.