പൊന്നാനിയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന
പൊന്നാനി: നഗരസഭയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി പൊന്നാനി നഗരസഭയിലെ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ നിരവധി ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടൽ നമ്മൾ, റൗബ റസിഡൻസി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഹോട്ടൽ സഫ, ഹോട്ടൽ ബോംബെ എന്നീ ഹോട്ടലുകൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. പരിശോധനയ്ക്ക് ക്ലീൻ സിറ്റി മാനേജർ മധുസൂദനൻ നേതൃത്വം നൽകി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു അന്നൂർ, വിജിൽ വി. ഗോപാൽ, നന്ദന ദാസ് എന്നിവരും പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുത്തു. നിയമലംഘനം കണ്ടെത്തിയവർക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും വരുംദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്നും ക്ലീൻ സിറ്റി മാനേജർ അറിയിച്ചു.