മസ്തിഷ്ക ജ്വര ബോധവൽക്രണം
ചങ്ങരംകുളം : അസ്സബാഹ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും, കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതിനായി വീടുകളിൽ സൗജന്യമായി ബ്ലീച്ചിങ് പൗഡർ വിതരണം ചെയ്യുകയും ചെയ്തു. ആലംകോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ അസ്സബാഹ് കോളേജിന് സമീപമുള്ള ഇരുനൂറോളം വീടുകളിൽ നേരിട്ടെത്തിയാണ് എൻ.എസ്.എസ് വളണ്ടിയർമാർ ബോധവൽക്കരണം നടത്തിയത്.
അലംകോട് ഫാമിലി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിനി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ.പി പരിപാടിക്ക് നേതൃത്വം നൽകി.
അൻപതോളം എൻ.എസ്.എസ് വളണ്ടിയർമാർ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. ചൂട് കൂടുതൽ ഉള്ള സമയത്ത് കിണറുകളിലെയും, കുളങ്ങളിലെയും ചെളി വറ്റിവരണ്ട് അമീബ പോലുള്ള സൂക്ഷ്മജീവികൾ വളരാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ചും വളണ്ടിയർമാർ വിശദീകരിച്ചു.