തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു
കോർപറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറാണ്.സെപ്റ്റംബർ 30ന് തന്നെ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് രാജിക്കത്ത് നൽകിയതായാണ് വിവരം. തിങ്കളാഴ്ച ജില്ലാ കളക്ടർക്കും കത്ത് കൈമാറും.രാജിക്ക് പിന്നിൽ മേയർ സ്ഥാനം നൽകാത്തതിലെ അതൃപ്തി?വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ ബിജെപി നേതൃത്വവുമായുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.തന്റെ വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിൽ ശ്രീലേഖ പങ്കുവെച്ച സന്ദേശം ഇങ്ങനെ
‘പ്രിയപ്പെട്ടവരെ… ഞാൻ 30.09.2026 ൽ Mayor ശ്രീ വി വി രാജേഷിന് കൗൺസിലർ സ്ഥാനത്തു നിന്ന്, സ്വകാര്യ കാരണങ്ങൾ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ചു കത്ത് നൽകിയിട്ടുണ്ട്. കോപ്പി ജില്ലാ കളക്ടർക്ക് തിങ്കളാഴ്ച നൽകും. നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്നേഹത്തിനും സഹകരണത്തിനും അഗാധമായ നന്ദി അറിയിക്കുന്നു.’
തിരഞ്ഞെടുപ്പ് സമയത്ത് മേയർ സ്ഥാനാർത്ഥിയായി ശ്രീലേഖയെ ആണ് ബിജെപി ഉയർത്തിക്കാട്ടിയത്. ജയിച്ചാൽ മേയർ സ്ഥാനം നൽകുമെന്ന് വാഗ്ദാനവും ഉണ്ടായിരുന്നു. എന്നാൽ ഭരണം കിട്ടിയപ്പോൾ പാർട്ടി വി.വി. രാജേഷിനെ മേയറാക്കി. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു ശ്രീലേഖ. മേയറായി വി.വി. രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ നിന്ന് ശ്രീലേഖ ഇറങ്ങിപ്പോയതും വലിയ വാർത്തയായിരുന്നു. *ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായി*ശ്രീലേഖയുടെ രാജിയോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി. 101 അംഗ കൗൺസിലിൽ ബിജെപിക്ക് 50 സീറ്റാണ് ഉണ്ടായിരുന്നത്. പാറ്റൂർ രാധാകൃഷ്ണൻ എന്ന സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുമായി ആണ് ബിജെപി ഭരണം പിടിച്ചത്. ഇപ്പോൾ ശ്രീലേഖയുടെ രാജിയോടെ ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങി, ആകെ പിന്തുണ 50 ആയി. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുന്നതിനാൽ പ്രതിസന്ധി ഇരട്ടിയായിരിക്കുകയാണ്.അതേസമയം രാജി വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്നും മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും പ്രതികരിച്ചു.