BREAKING NEWSPUBLIC INFORMATIONUPDATES

തവനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും, സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കും; മന്ത്രി പി കെ ബഷീർ

തവനൂർ നിയോജകമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി.കെ ബഷീറിന്റെ ചേംബറിൽ അവലോകന യോഗം ചേർന്നു. തവനൂർ എം.എൽ.എ അഡ്വ. വി.എസ് ജോയിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ വിവിധ റോഡ്, പാലം, ജംഗ്ഷൻ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തവനൂർ–തിരുനാവായ പാലം, പടിഞ്ഞാറേക്കര ഹൗറാ മോഡൽ പാലം എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് മന്ത്രി പി.കെ ബഷീർ യോഗത്തിൽ ഉറപ്പ് നൽകി.

എടപ്പാൾ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകാനും യോഗത്തിൽ തീരുമാനമായി. കൂടാതെ കുറ്റിപ്പുറം–പെരുമ്പിലാവ് സംസ്ഥാന പാത നവീകരണം, നടുവട്ടം ജംഗ്ഷൻ നവീകരണം, നരിപ്പറമ്പ് ജംഗ്ഷൻ നവീകരണം, ചമ്രവട്ടം ജംഗ്ഷൻ വീതി കൂട്ടൽ തുടങ്ങിയ പ്രധാന വികസന പ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികളും സ്വീകരിക്കും. എടപ്പാൾ–കാഞ്ഞിരമുക്ക് റോഡ്, പോത്തന്നൂർ–നരിപ്പറമ്പ് റോഡ് എന്നിവിടങ്ങളിലെ റോഡ് പ്രവൃത്തികളെ ബാധിച്ചുകൊണ്ടിരിക്കുന്ന ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനിച്ചു. കാവിലക്കാട്–നായർതോട് പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ ഫണ്ട് വകയിരുത്തി പ്രവൃത്തികൾ വേഗത്തിലാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തവനൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെയും പാലങ്ങളുടെയും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്ക് കൂടുതൽ വേഗം നൽകുന്നതിനും നിലവിലുള്ള സാങ്കേതികവും ഭരണപരവുമായ തടസ്സങ്ങൾ നീക്കി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും യോഗം നിർണായകമായ തീരുമാനങ്ങൾ കൈക്കൊണ്ടു. യോഗത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button