ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മുൻവൈരാഗ്യം കാരണമെന്ന് പോലീസ്; അഞ്ചുപേർ കസ്റ്റഡിയിൽ
കൊല്ലം: ചവറയിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സംശയിക്കുന്ന ശിവരാജ് ഉൾപ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിൽ നേരത്തെയുണ്ടായിരുന്ന തർക്കവും വൈരാഗ്യവുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസം രാവിലെയാണ് മുഹമ്മദ് ബിലാലും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ശിവരാജും ഒരുമിച്ച് മദ്യപിച്ചത്.
ഇതിനിടെ ഇരുവരും തമ്മിൽ ഒരു വിഷയത്തെച്ചൊല്ലി തർക്കമുണ്ടായി. പിന്നീട് ഇരുവരും പിരിഞ്ഞു.വൈകുന്നേരം മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ബിലാൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശിവരാജ് അവിടെയെത്തിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ബിലാലിനെ കുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം.കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ ഉടൻ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പ് തന്നെ ബിലാൽ മരണപ്പെടുകയായിരുന്നു.ശിവരാജാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ള അഞ്ചുപേരെയും ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, മറ്റ് പ്രതികളുടെ പങ്കാളിത്തം എന്നിവ ഉൾപ്പെടെ സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു