മലപ്പുറം : സ്‌കൂൾ തുറക്കുന്നത് ജൂണിലാണെങ്കിലും കുട്ടികളെ ചാക്കിടൽ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പഴഞ്ചൻ രീതികളിൽനിന്നു മാറി സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ന്യൂജെൻ തന്ത്രങ്ങളാണ് സ്‌കൂളുകൾ പ്രയോഗിക്കുന്നത്.വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം മാധ്യമങ്ങളിലൂടെയുള്ള പോസ്റ്റർ പ്രചാരണമാണ് പ്രധാനം. ജനപ്രിയ സിനിമകളിലെ കിടിലൻ ഡയലോഗുകളും സീനുകളും ഉപയോഗിച്ചാണ് പോസ്റ്റർ നിർമാണം. സ്വകാര്യ സ്‌കൂളുകൾ മാത്രമല്ല സർക്കാർ സ്‌കൂളുകളും ഈ വഴി പിന്തുടരുന്നുണ്ട്. ഡയലോഗുകളിൽ സ്‌കൂളിന്റെ അപദാനങ്ങൾ വാഴ്‌ത്തുന്ന വാചകങ്ങൾ തിരുകിക്കയറ്റും.‘വടക്കൻ വീരഗാഥ’യിലെ ചന്തുവിന്റെ സംഭാഷണത്തിൽ മാറ്റംവരുത്തിയാണ് ഒരു എൽ.പി. സ്‌കൂൾ പോസ്റ്ററുണ്ടാക്കിയത്. “ചന്തുവിനെ പലരും പലവട്ടം തോൽപ്പിച്ചു, പക്ഷേ, ചന്തുവിന്റെ മകനെ തോൽപ്പിക്കാനാവില്ല മക്കളേ. അവൻ പഠിക്കുന്നത് ഒളവണ്ണ എ.എൽ.പി. സ്‌കൂളിലാ” എന്നതാണ് വാചകം. ‘ലേലം’ സിനിമയിലെ എം.ജി. സോമന്റെ സംഭാഷണത്തിനും നല്ല ഡിമാന്റുണ്ട്. “നേരാ തിരുമേനീ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല” എന്നു തുടങ്ങുന്ന ഡയലോഗാണിത്. മുതിരപ്പുഴ ഗവ. സ്‌കൂൾ അന്നുണ്ടായിരുന്നെങ്കിൽ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോകുമായിരുന്നു എന്നാണ് പോസ്റ്ററിന്റെ ഫലശ്രുതി.‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന സിനിമയിൽ ജഗതി അവതരിപ്പിച്ച കഥാപാത്രം രാത്രി ശോഭനയെ കാണാൻ വരുമ്പോൾ അമ്മ പിടികൂടുന്ന രംഗം അവതരിപ്പിച്ചുകൊണ്ടാണ് മറ്റൊരു സ്‌കൂൾ പോസ്റ്റർ രചിച്ചത്. “സമയം കിട്ടുമ്പോൾ പവിഴത്തോടു ചോദിച്ച് അൽപ്പം പഠിക്കാമെന്നു കരുതി, അവൾ കോട്ടൺഹിൽ സ്‌കൂളിൽ പഠിച്ചതല്ലേ” എന്നിങ്ങനെ പോകുന്നു ഡയലോഗ്. ദൃശ്യത്തിലെ ജോർജുകുട്ടി പറയുന്ന, “അവർ തിരിച്ചും മറിച്ചുമൊക്കെ ചോദിക്കും” എന്ന സംഭാഷണവും നാടോടിക്കാറ്റിലെ “എടാ ദാസാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്” എന്ന സംഭാഷണവും ചിലർ ഉപയോഗിച്ചിട്ടുണ്ട്.ഇതിൽനിന്നൊക്കെ മാറി, മലപ്പുറം പൂക്കോട്ടൂരിലെ എ.യു.പി. സ്‌കൂൾ അഞ്ചാംക്ലാസിൽ ചേരുന്ന എല്ലാ കുട്ടികൾക്കും സൗജന്യ വിമാനയാത്രയാണ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. ആദ്യം ചേരുന്ന നൂറു കുട്ടികൾക്ക് സൈക്കിൾ സമ്മാനം പ്രഖ്യാപിച്ച സ്‌കൂളുകളുമുണ്ട്. പ്രവേശനസമയമടുക്കുന്നതോടെ പുത്തൻ പരസ്യങ്ങളും തന്ത്രങ്ങളും രംഗത്തുവരുമെന്നുറപ്പ്.