എസ്ഡിപിഐ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി
പൊന്നാനി: തീരദേശവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) പൊന്നാനി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി മുൻസിപ്പാലിറ്റിക്ക് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഒരു മാസത്തിനകം കടൽഭിത്തി നിർമ്മാണം ആരംഭിക്കുമെന്ന എംഎൽഎയുടെ വാഗ്ദാനം പാലിക്കുക, ലൈഫ് മിഷൻ പദ്ധതി വിഹിതം വർദ്ധിപ്പിക്കുക, കടലാക്രമണം, പ്രകൃതിക്ഷോഭം എന്നിവ മൂലം വീടും സ്വത്തുവഹകളും നഷ്ടപ്പെട്ടവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.
ധർണ്ണാ സമരത്തിന്റെ ഉദ്ഘാടനം മണ്ഡലം ട്രഷറർ കുഞ്ഞൻ ബാവ മാസ്റ്റർ നിർവ്വഹിച്ചു. തീരദേശ ജനത നേരിടുന്ന അവഗണനകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മുൻസിപ്പൽ പ്രസിഡന്റ് പി. പി. സക്കീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം റിഷാബ്, പി. ജമാൽ എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ചടങ്ങിൽ ജമാലുദ്ദീൻ സ്വാഗതവും ബിലാൽ നന്ദിയും രേഖപ്പെടുത്തി. പാർട്ടി പ്രവർത്തകരോടപ്പം നിരവധി പ്രദേശവാസികളും ധർണ്ണയിൽ പങ്കെടുത്തു.