ആര്‍ ശ്രീലേഖ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി പിന്‍വലിച്ചേക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള ആര്‍ ശ്രീലേഖയുടെ രാജി പിന്‍വലിച്ചേക്കും. ബിജെപി നേതൃത്വം ഇടപെട്ട് നടത്തിയ അനുനയ ശ്രമങ്ങള്‍ ഫലം കണ്ടെന്നാണ് വിവരം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ശ്രീലേഖയെ അറിയിച്ചതായാണ് വിവരം. രാജി തീരുമാനം മാറ്റിയതോടെ വാട്‌സ്ആപ്പില്‍ പങ്കുവെച്ച ‘രാജി സന്ദേശ’വും ശ്രീലേഖ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
കോര്‍പറേഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ശ്രീലേഖയുടെ രാജിയിലെത്തിയത്. ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ശ്രീലേഖയെ ബോധ്യപ്പെടുത്താനായിട്ടുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായിരുന്ന ശ്രീലേഖ കഴിഞ്ഞദിവസമാണ് രാജി പ്രഖ്യാപിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. ഇതോടെ കോര്‍പറേഷനിലെ ബിജെപിയുടെ നില പരുങ്ങലിലായിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോര്‍പറേഷന്‍ ഭരിക്കുന്നത്. സെപ്റ്റംബര്‍ 30ന് മേയര്‍ വി വി രാജേഷിന് കൗണ്‍സിലര്‍ സ്ഥാനത്തു നിന്ന് സ്വകാര്യ കാരണങ്ങള്‍ കൊണ്ട് രാജി വെക്കുന്നതായി അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്ന് ആര്‍ ശ്രീലേഖ ശാസ്തമംഗലത്തെ ‘കൗണ്‍സിലര്‍ അറിയിപ്പ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അറിയിച്ചിരുന്നു.ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്ക് പല തരത്തിലുള്ള അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നതായി റിപോര്‍ട്ടുണ്ടായിരുന്നു.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന് ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തില്‍ ശ്രീലേഖയെ ബിജെപി ഉയര്‍ത്തിക്കാട്ടിയെങ്കിലും അതിനുശേഷം അവരെ ഒഴിവാക്കി വി വി രാജേഷിനെ മേയറാക്കി നിശ്ചയിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകള്‍ ശ്രീലേഖയ്ക്കു ലഭിച്ചില്ലെന്ന ആക്ഷേപം ഉയരുകയും ചെയ്തു.