BREAKING NEWSLATEST NEWSLocal newsPUBLIC INFORMATION

മലപ്പുറത്തെ കുറിച്ചുള്ള നന്ദകുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഎം നേതാവിന്റെ പരാമര്‍ശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമര്‍ശത്തെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞത്. നന്ദകുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും മുസ് ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറത്തിനെതിരെ വര്‍ഗീയമായ ഒരുകാര്യങ്ങളും ഞങ്ങള്‍ ഒരിക്കലും പറയാറില്ല. മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ. ആ ജനതയില്‍ എല്ലാ വിഭാഗങ്ങളും ഉണ്ടായിരുന്നു. മുസ് ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം ഉണ്ടായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ് ലാമിയുടെയും ലീഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വര്‍ഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാര്‍ട്ടികളെ സംബന്ധിച്ചാണ്.

അല്ലാതെ മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമര്‍ശമുണ്ടായത്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാര്‍ പ്രസംഗത്തിനിടെ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍ ഇരിക്കവെയായിരുന്നു നന്ദകുമാറിന്റെ അധിക്ഷേപ പരാമര്‍ശം. എന്നാല്‍, നന്ദകുമാര്‍ ഇതുവരെ പരാമര്‍ശം പിന്‍വലിക്കുകയോ തിരുത്തിപറയുകയോ ചെയ്തിട്ടില്ല. അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നന്ദകുമാറിന്റെ നിലപാടിനെ തള്ളി രംഗത്തെത്തിയത്.

മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല എന്നായിരുന്നു പി നന്ദകുമാറിന്റെ പരാമര്‍ശം. പൊന്നാനിയില്‍ നടന്ന സിപിഎം മലപ്പുറം ജില്ലാ വിപുലികൃത കമ്മിറ്റി പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പി നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. ‘മലപ്പുറം ജില്ലയെ സംബന്ധിച്ചിടത്തോളം സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറം ജില്ല. സ്വാഭാവികമായും അതിനെ പ്രതിരോധിച്ച് മതനിരപേക്ഷ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് മുന്നോട്ടുപോകുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പുതിയ കാലത്ത് അതിന്റെ രാഷ്ട്രീയ കടമകള്‍ എങ്ങനെ ഏറ്റെടുക്കണമെന്ന് പരിശോധിക്കണം’, എന്നായിരുന്നു നന്ദകുമാര്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button