ഓട്ടോറിക്ഷയിൽ ഉയരങ്ങളിൽ എത്തി മലപ്പുറത്തുനിന്നു മൂവർ സംഘം
മലപ്പുറത്തുനിന്ന് ഓട്ടോറിക്ഷയിൽ ലോകം ചുറ്റാനിറങ്ങിയ യുവാക്കൾക്ക് ഇത്തവണത്തെ പെരുന്നാൾദിനം മറക്കാനാകില്ല. ഓട്ടോറിക്ഷയോടിച്ച് അവരെത്തിയത്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന ഗതാഗതയോഗ്യമായ റോഡായ, ലഡാക്കിലെ ഉംലിങ് ലായിൽ. മേൽമുറി ആലത്തൂർപ്പടി വടക്കേപ്പുറം സ്വദേശി സി.കെ.മുഹമ്മദ് സൽമാൻ (30), കൊണ്ടോട്ടി കാളോത്ത് സ്വദേശി സി.പി.ജവാദ് (25), കൽപകഞ്ചേരി ജപ്പാൻപടി കെ.പി.ഇബ്രാഹിം (34) എന്നിവരാണ് ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തി ചരിത്രം കുറിച്ചത്.ഫെബ്രുവരി ഒൻപതിനാണു മലപ്പുറം ആലത്തൂർ പടിയിൽനിന്ന് കെഎൽ 10 എസി 5680 നമ്പർ ഓട്ടോയിൽ യാത്ര ആരംഭിച്ചത്. നാലു മാസം പൂർത്തിയാകുമ്പോൾ, രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലുമെത്തി. 14,000 കിലോമീറ്റർ യാത്ര. മടക്കയാത്രയിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽകൂടി ഓട്ടോയുമായി എത്തും.അതോടെ രാജ്യം മുഴുവൻ ഓട്ടോറിക്ഷയുമായി കറങ്ങുകയെന്ന ആഗ്രഹംകൂടി സഫലമാകുമെന്നു സൽമാൻ പറഞ്ഞു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക വഴിയാണു മടക്കം.എട്ടു മാസത്തെ തയാറെടുപ്പാണ് യാത്രയ്ക്കായി എടുത്തത്. ടൈൽസ് കരാർ ജോലികൾ ചെയ്യുന്ന സൽമാൻ ആഗ്രഹം സമൂഹമാധ്യമത്തിൽ പങ്കിട്ടപ്പോൾ ആണ്, മറ്റു രണ്ടുപേരും താൽപര്യം പ്രകടിപ്പിച്ചത്. ഇബ്രാഹിമും ജവാദും പ്രവാസികളാണ്. അവധിക്കു നാട്ടിലെത്തിയാണ് സൽമാനോടൊപ്പം ചേർന്നത്.2009 മോഡൽ ഡീസൽ പ്രൈവറ്റ് ഓട്ടോറിക്ഷയിൽ സോളർ സംവിധാനവും പുഷ്ബാക്ക് സീറ്റും മറ്റു സൗകര്യങ്ങളുമുണ്ട്.ടെന്റ് അടിച്ചു രാത്രി തങ്ങുമ്പോൾ വെളിച്ചം, ഫാൻ, സിസിടിവി എന്നിവയ്ക്കായാണു സോളർ. സ്വന്തമായി ഭക്ഷണം പാകം ചെയ്താണു യാത്ര. അതിനായി ഗ്യാസ് സിലിണ്ടർ അടക്കം കരുതിയിട്ടുണ്ട്. 2 മാസത്തിനകം മലപ്പുറത്തു തിരിച്ചെത്തുന്ന വിധമാണ് മടക്കം. ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ, മതനിരപേക്ഷ ഇന്ത്യയ്ക്കായി പ്രവർത്തിക്കൂ എന്നീ സന്ദേശങ്ങളെഴുതിയ ഓട്ടോയിൽ യാത്രയുടെ റൂട്ട് മാപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.