എഴുന്നള്ളത്തറിയിച്ച് എമ്പുരാന് ട്രെയ്ലര്, റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ മില്യണ്‍ വ്യൂസ്
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിൻറെ മലയാളം ട്രെയ്ലർ യൂട്യൂബിൽ റിലീസ് ആയത്. റിലീസായി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ മില്യൺ വ്യൂസ് മലയാളം ട്രെയ്ലർ നേടിക്കഴിഞ്ഞു. തുടർന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവന്നു. ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ടീസർ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മാർച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും.
മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം മാർച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും പ്രദർശനം ആരംഭിക്കുന്നത്. തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ- തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
2019-ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ ഇതിനോടകം ചിത്രത്തിന്റെ ബുക്കിങ് ആരംഭിക്കുകയും റെക്കോർഡ് പ്രീ സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം: സുജിത് വാസുദേവ്, സംഗീതം: ദീപക് ദേവ്, എഡിറ്റർ: അഖിലേഷ് മോഹൻ, കലാസംവിധാനം: മോഹൻദാസ്, ആക്ഷൻ: സ്റ്റണ്ട് സിൽവ, ക്രിയേറ്റിവ് ഡയറക്ടർ: നിർമൽ സഹദേവ്.