MALAPPURAM

പൊലീസ് എത്തിച്ച യുവാവ് ആശുപത്രിമുറി അടിച്ചു തകർത്തു

കൊയിലാണ്ടി∙ പൊലീസ് സ്റ്റേഷനിലെ കമ്പിയഴിയിൽ‌ തലയിടിച്ചു പൊട്ടിച്ച യുവാവിനു ചികിത്സ നൽകുന്നതിനിടെ ആശുപത്രിമുറി അടിച്ചു തകർത്തു. യുവാവിനെ കീഴ്പ്പെടുത്തുന്നതിനിടയിൽ പൊലീസുകാരനും ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ യുവാവാണ് അതിക്രമം കാണിച്ചത്.

 കണ്ണൂർ ചാലാട് അരയൻകണ്ടി ഷാജിത്ത് (46) എന്നു പേരു പറഞ്ഞ യുവാവു പരസ്പര ബന്ധമില്ലാതെയാണു സംസാരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. തനിക്കു പണം നൽകാനുള്ളവർ സ്റ്റേഷനു പുറത്തുണ്ടെന്നാണ് ആദ്യം പറഞ്ഞത്. പൊലീസുകാർ വിവരം തിരക്കുന്നതിനിടയിൽ യുവാവു സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ചു പൊട്ടിച്ചു. മുറിവിൽ നിന്നു രക്തം വരാൻ തുടങ്ങിയതോ‌ടെ ചികിത്സയ്ക്കായി പൊലീസ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ മുറിവ് പരിശോധിച്ച് മരുന്നുവച്ച് കെട്ടുന്നതിനിടയിലാണു യുവാവു വീണ്ടും അക്രമാസക്തനായത്.

ആശുപത്രിമുറിയുടെ ചില്ല് പൊട്ടിച്ച് അതുമായി ജീവനക്കാർക്കു നേരെ തിരിയുകയായിരുന്നു. പൊലീസുകാരും ആശുപത്രി ജീവനക്കാരും മറ്റും ചേർന്നാണു കീഴ്പ്പെടുത്തിയത്. പിന്നീട് വിലങ്ങ് അണിയിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. മാനസിക നിലയിൽ തകരാറുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ ഗംഗേഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button