MALAPPURAM

രണ്ടാം ട്രയൽ റണ്ണിൽ വന്ദേ ഭാരത് തിരൂരിൽ നിർത്തിയില്ല; സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് റെയിൽവേ

തിരൂർ: രണ്ടാമത്തെ ട്രയൽ റണ്ണിൽ തിരൂരിൽ നിർത്താതെ വന്ദേ ഭാരത്. സ്റ്റോപ്പ് ഒഴിവാക്കിയിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാസർഗോഡ് സ്റ്റേഷനിലേക്ക് നീട്ടിയതിനെ തുടർന്നാണ് ഇന്നലെ വീണ്ടും ട്രയൽ റൺ നടത്തിയത്. തിരൂർ വഴി രാവിലെ 10.44 നാണ് വണ്ടി കടന്നുപോയത്. തിരൂരിൽ നിർത്തില്ലെന്നും ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്ന് ട്രാക്ക് ഒഴിച്ചിടണമെന്നും സ്റ്റേഷൻ മാസ്റ്റർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. നിർത്താതെ പോകാൻ ലോക്കോ പൈലറ്റിനും നിർദ്ദേശമുണ്ടായിരുന്നു. 80 കിലോമീറ്റർ വേഗത്തിലാണ് വണ്ടി പാഞ്ഞു പോയത്. തൃശ്ശൂരിലും കോഴിക്കോട്ടും നിർത്തിയെങ്കിലും തിരൂരിൽ നിർത്താതിരുന്നതിൽ യാത്രക്കാർക്ക് ആശങ്കയുണ്ടായി.
ആദ്യദിവസത്തേക്കാൾ വേഗം കൂട്ടിയാണ് ട്രെയിൻ എത്തിയത്. തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 5.20ന് പുറപ്പെട്ട വണ്ടി തിരൂർ കടന്നുപോകാൻ എടുത്ത സമയം 5 മണിക്കൂർ 24 മിനിറ്റാണ്. കഴിഞ്ഞ തവണ ഇതിനുവേണ്ടി വന്നത് അഞ്ചുമണിക്കൂർ 36 മിനിറ്റാണ്. തിരൂരിൽ നിർത്തിയില്ലെങ്കിലും കോഴിക്കോട്ട് 5 മിനിറ്റോളം നിർത്തുകയും ചെയ്തു.
കണ്ണൂർ മുതൽ കാസർഗോഡ് വരെയുള്ള ഭാഗത്തെ ട്രയൽ റണ്ണിന് പ്രാമുഖ്യം കൊടുക്കുകയാണ് ഇന്നലെ ചെയ്തതെന്നും അതിനായി വേഗത്തിൽ എത്താനാണ് തിരൂരിൽ നിർത്താതെ പോയതെന്നും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലന്നും ഇവർ അറിയിച്ചു.25നാണ് ട്രെയിൻ സർവീസ് തുടങ്ങുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button