വേദങ്ങളുടെയും കേരളീയ കലകളുടെയും ആശയാവിഷ്കാരങ്ങളുടെ പൊരുൾ തേടിയെത്തിയ വിദേശസംഘം എടപ്പാൾ നാറാസ് മനയിലെ വേദപഠന കേന്ദ്രത്തിലെത്തി
എടപ്പാൾ : വേദങ്ങളുടെയും കേരളീയ കലകളുടെയും ആശയാവിഷ്കാരങ്ങളുടെ പൊരുൾ തേടിയെത്തിയ വിദേശസംഘം എടപ്പാൾ നാറാസ് മനയിലെ വേദപഠന കേന്ദ്രത്തിലെത്തി. വേദങ്ങളെ കുറിച്ചുള്ള ഗവേഷണത്തോടൊപ്പം എടപ്പാൾ പുള്ളുവൻപടി ഗ്രാമത്തിലെ പുള്ളുവൻമാരെക്കുറിച്ചും പുള്ളുവൻപ്പാട്ടിനെ കുറിച്ചും അവർ വിവരങ്ങൾ ശേഖരിച്ചു.
ഇസ്രായേലിലെ ഇബ്നു
യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ മായ, നെതർലാൻഡിലെ യൂണിവേഴ്സിറ്റി ഓഫ്
ഗ്രോണിൻ ജെനിൽ പത്തുവർഷമായി ഗവേഷകയായ എലിനച്ചിയ റെല്ലി, സ്വിറ്റ്സർലാൻഡ് സ്യൂറിച്ചിൽ നിന്നുള്ള എലിസ ഗാർഡർ, പോളണ്ട് ബൾഗേറിയയിലെ ഒലീവിയ എന്നിവരാണ് ഗവേഷണത്തിനായി എടപ്പാൾ നാറാസ് വേദപഠന കേന്ദ്രത്തിലെത്തിയത്.
പഠനകേന്ദ്രം മേധാവിയായ നാറാസ് ഇട്ടിരവി നമ്പൂതിരി ഇവർക്ക് വേദ വിഷയങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകി. പുള്ളുവൻപടി ഗ്രാമത്തിലെ ജയൻ, ജാനകി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പുള്ളുവക്കുടയും വീണയുമുപയോഗിച്ച് പാട്ടുകൾ ചൊല്ലി കേൾപ്പിക്കുകയും നാവോറു പാടുകയും ചെയ്തു. വേദത്തെയും യാഗങ്ങളെയും സംബന്ധിച്ച് ഏവിയേഷൻ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനായ മുണ്ടൂരിലെ നാരായണൻ നമ്പൂതിരി, ഭാര്യ സാവിത്രി അന്തർജനം എന്നിവരും നാറാസ് ഇട്ടിരവി നമ്പൂതിരിയും വേദപഠന കേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ നൽകി.