EDAPPAL

ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാകും; മന്ത്രി പി രാജീവ്

കൂറ്റനാട്: ഒരു വര്‍ഷത്തിനകം തൃത്താലയില്‍ ആയുര്‍വേദ പൈതൃക പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വാവന്നൂരിലെ അഷ്ടാംഗം ആയുര്‍വേദ കേന്ദ്രത്തില്‍ നടന്ന തൃത്താല ആയുര്‍വേദ പാര്‍ക്ക് ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദ പാര്‍ക്കിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹം സംരഭകരോട് പറഞ്ഞു. ഇത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം അറിയിക്കാനും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്താനും തീരുമാനമായി. ഇതിനായി ആയുര്‍വേദ സ്ഥാപന പ്രതിനിധികള്‍, ജില്ലാ കലക്ടര്‍, കിന്‍ഫ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ വകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കും രൂപം നല്‍കി. പദ്ധതി കിന്‍ഫ്ര ഏറ്റെടുത്ത് നടത്തുകയാണെങ്കില്‍ ഭൂമി കണ്ടെത്തി നല്‍കുന്നതിന് സംരംഭകരുടെയും പഞ്ചായത്ത് സംവിധാനങ്ങളുടെയും സഹകരണം ആവശ്യമാണ്. സംരംഭകര്‍ക്ക് കൂടി പങ്കാളിത്തമുള്ള രീതി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ കണ്‍സോര്‍ഷ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് കിന്‍ഫ്ര പാര്‍ക്ക് സ്റ്റാറ്റസ് നല്‍കും. പശ്ചാത്തല സൗകര്യം ഒരുക്കാന്‍ ഏക്കറിന് 30 ലക്ഷം മുതല്‍ മൂന്ന് കോടി രൂപ വരെ അനുവദിക്കും. അനുമതികള്‍ക്കായി സിംഗിള്‍വിന്റോ സംവിധാനം ഏര്‍പ്പെടുത്തും. വ്യവസായ പാര്‍ക്കിനുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കും. പാര്‍ക്കിന്റെ മാനദണ്ഡങ്ങള്‍ സംരംഭകര്‍ക്ക് തീരുമാനിക്കാനാകും. ആയുര്‍വേദ ഉത്പന്നങ്ങളുടെ ടെസ്റ്റിംഗ്, റിസര്‍ച്ച് ഡോക്യുമെന്റേഷന്‍, ഉത്പാദനവുമായി ബന്ധപ്പെട്ട് ആയുര്‍വേദ അക്കാദമികളുമായുള്ള സഹകരണം എന്നിവക്കുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആയുര്‍വേദ പാര്‍ക്കിന്റെ പ്രവര്‍ത്തനവും ഉത്പ്പന്ന നിര്‍മ്മാണവും അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതാവണം. ആയുര്‍വേദ മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് പ്രത്യേക ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആയുര്‍വേദ പാര്‍ക്കില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള എന്ന സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ചും ആലോചിക്കും. ആയുര്‍വേദ പാരമ്പര്യവും നിരവധി സ്ഥാപനങ്ങളുമുള്ള തൃത്താലയ്ക്ക് ആയുര്‍വേദ പാര്‍ക്കിലൂടെ വലിയ സാധ്യതകളാണുള്ളത്. ആയുര്‍വ്വേദ പദ്ധതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രോത്സാഹനമുണ്ട്. ഇന്റര്‍നാഷണല്‍ ആയുര്‍വേദ മാതൃകയില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവനന്തപുരത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടാമതായി തൃത്താലയില്‍ കൂടി ഒരു കേന്ദ്രം ആരംഭിക്കാന്‍ ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. യോഗത്തില്‍ തൃത്താല എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ എം.ബി രാജേഷ് അധ്യക്ഷനായി.

തൃത്താലയുടെ ആയുര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യം; സ്പീക്കര്‍ എം.ബി രാജേഷ്

തൃത്താലയുടെ ആയൂര്‍വേദ പാരമ്പര്യവും പ്രസക്തിയും ആഗോള തലത്തില്‍ പ്രചരിപ്പിക്കുകകയും സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ് തൃത്താല ആയുര്‍വേദ പാര്‍ക്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തൃത്താലയുടെ ആയുര്‍വ്വേദ രംഗത്തെ പാരമ്പര്യവും പൈതൃകവും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് നടപ്പിലാക്കുക. ഇത് തൃത്താലയുടെ ആരോഗ്യരംഗത്തെ മുന്നേറ്റത്തിന് പ്രധാനപങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചര്‍, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. ഷറഫുദ്ധീന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കുഞ്ഞുണ്ണി, ഷാഹിദാ, ജനാര്‍ദ്ദനന്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീസ്, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി, ജനറല്‍ മാനേജര്‍, വ്യവസായ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ ആയുര്‍വേദ സ്ഥാപന പ്രതിനിധികളായ നീലകണ്ഠന്‍, കൃഷ്ണദാസ്, സുഗീര, ശ്രീജിത്ത്, പുരുഷോത്തമന്‍, രഞ്ജിത്ത്, ഡോ. മണികണ്ഠന്‍, ഡോ. വിജിത്ത്. ഡോ. വിനോദ്കുമാര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button