PONNANI

നിയന്ത്രണം മറികടന്ന് കടലിലിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തിത്തുടങ്ങി

ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നതിനാലാണ് ബോട്ടുകൾ കടലിലിറങ്ങിയത്

പൊന്നാനി: ട്രോളിങ് നിരോധന കാലയളവ് കഴിഞ്ഞ് വന്ന മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങിയ ബോട്ടുകൾ തിരിച്ചെത്തി തുടങ്ങി. നഷ്ടം സഹിച്ചും പട്ടിണി കിടന്നും മടുത്ത മത്സ്യത്തൊഴിലാളികളാണ് ബോട്ടുകൾ കടലിലിറക്കിയത്. പൊന്നാനിയിൽനിന്ന് 70 ശതമാനത്തോളം ബോട്ടുകളും തിങ്കളാഴ്ച പുലർച്ച മത്സ്യബന്ധനത്തിനായി പുറപ്പെട്ടു. കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ട്രോളിങ് നിരോധനത്തിന് ആഴ്ചകൾക്ക് മുമ്പുതന്നെ ബോട്ടുകൾ ഹാർബറിൽ നങ്കൂരമിട്ടിരുന്നു.

കടം വാങ്ങി ജീവിതം തള്ളിനീക്കിയിരുന്ന മത്സ്യത്തൊഴിലാളികൾ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങാമെന്ന പ്രത്യാശയിലായിരുന്നു. ഇതിന്‍റെ ഭാഗമായി ദിവസങ്ങൾക്ക് മുമ്പ് തന്നെ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുകയും ബോട്ടിലേക്കാവശ്യമായ ഇന്ധനവും ഐസും കുടിവെള്ളവും ഉൾപ്പെടെ എത്തിക്കുകയും ചെയ്തിരുന്നു. രാത്രിയോടെയാണ് കാലാവസ്ഥ മുന്നറിയിപ്പിനെത്തുടർന്ന് ഫിഷറീസ് അധികൃതർ അഞ്ച് ദിവസത്തേക്ക് കടലിലിറങ്ങരുതെന്ന നിർദേശം നൽകിയത്.

എന്നാൽ, മത്സ്യബന്ധനത്തിന് പുറപ്പെടാനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതിനാൽ ലക്ഷങ്ങളുടെ നഷ്ടം സംഭവിക്കുമെന്നതിനാലാണ് നിയന്ത്രണം മറികടന്ന് ബോട്ടുകൾ കടലിലിറങ്ങിയത്. മുഴുവൻ സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തിയായിരുന്നു ഇത്തവണ ബോട്ടുകൾ പുറപ്പെട്ടത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ആഴക്കടൽ മത്സ്യബന്ധനം ഒഴിവാക്കി തീരക്കടൽ മത്സ്യബന്ധനത്തിലാണ് ബോട്ടുകൾ ഏർപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button