തെരുവിൽ അലഞ്ഞത് പത്തുവർഷം; രാജു ദഹൂലിക്ക് ഇനി പുതുജീവിതം
പൊന്നാനി : താളംതെറ്റിയ മനസ്സുമായി പത്തുവർഷത്തോളം തെരുവിൽ അലഞ്ഞ ഒഡിഷക്കാരൻ രാജു ദഹൂലി (55)ക്ക് ഇനി പുതുജീവിതം. പൊന്നാനിയിലെ ഇ.സി.ആർ.സി. (എമർജൻസി കെയർ റിക്കവറി സെന്റർ) യുടെ പരിചരണമാണ് രാജു ദഹൂലിക്ക് വീട്ടിലേക്കുള്ള വഴി തുറന്നുനൽകിയത്.
മരക്കമ്പിന്റെ രണ്ടറ്റത്ത് ഭാരമുള്ള സഞ്ചികൾ തോളിൽ തൂക്കി നഗരത്തിലൂടെ അലഞ്ഞുനടന്നിരുന്ന രാജു പൊന്നാനിക്കാരുടെ പരിചിതമുഖമായിരുന്നു. തെരുവിലലയുന്നവരെ ചികിത്സിച്ചും പരിചരിച്ചും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി പൊന്നാനിയിൽ ആരംഭിച്ച എമർജൻസി കെയർ റിക്കവറി സെന്ററിലെ പ്രവർത്തകർ ഇക്കഴിഞ്ഞ ഏപ്രിലിലാണ് രാജു ദഹൂലിയെ ഏറ്റെടുത്തത്.
മാനസിക സംഘർഷത്തെത്തുടർന്ന് പത്തുവർഷം മുൻപ് വീടുവിട്ടിറങ്ങിയ രാജുവിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ. ഭാര്യയേയും മക്കളെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ ഇയാളെ നാട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹിന്ദി അറിയാമെങ്കിലും ബംഗ്ല കലർന്ന ഒഡിയ ഭാഷയാണ് സംസാരിക്കാറ്.
നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, രജീഷ് ഊപ്പാല, എം. ആബിദ, ഇ.സി.ആർ.സി.പാലിയേറ്റീവ് കോ-ഓർഡിനേറ്റർ അക്ബർ മൂസ, പി.എം. സാലിഹ്, ഫാഫി, ജിഷ്ണു എന്നിവർ ചേർന്നാണ് യാത്രയാക്കിയത്.