പൊന്നാനി താലൂക്കിലെ കടൽഭിത്തി നിർമാണം : തുക അനുവദിച്ചിട്ടും പദ്ധതി തയ്യാറായില്ല
പൊന്നാനി : താലൂക്കിൽ കടൽഭിത്തി നിർമാണത്തിന് ബജറ്റിൽ തുക വകയിരുത്തിയിട്ടും യഥാസമയം പദ്ധതി തയ്യാറാക്കാത്തതിൽ വ്യാപക പ്രതിഷേധം. ഉദ്യോഗസ്ഥ വീഴ്ചയാണിതെന്നു ചൂണ്ടിക്കാട്ടി സി.പി.എം. പ്രവർത്തകർ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചു.
കടലാക്രമണബാധിത മേഖലയായ പൊന്നാനി താലൂക്കിൽ കടൽഭിത്തി നിർമിക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയിരുന്നു. ഇറിഗേഷൻ വിഭാഗം യഥാസമയം പ്രൊപ്പോസൽ തയ്യാറാക്കാത്തതിൽ ഇതുവരെ നിർമാണമാരംഭിക്കാനായിട്ടില്ല. മൺസൂൺ അടുത്തിട്ടും പ്രൊപ്പോസൽ തയ്യാറാക്കാൻ വൈകുന്നതുമൂലം കടലോരവാസികൾ ആശങ്കയിലാണ്.
തീരപ്രദേശത്തെ പലയിടത്തും നിലവിൽ പേരിനു മാത്രമാണ് കടൽഭിത്തിയുള്ളത്. വീടുകൾ കടലാക്രമണഭീഷണി നേരിടുമ്പോഴും നിരുത്തരവാദപരമായ സമീപനമാണ് ഉദ്യാഗസ്ഥരുടേതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഉടൻതന്നെ കടൽഭിത്തി നിർമാണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതായി ചർച്ചയ്ക്കുശേഷം സി.പി.എം. നേതാക്കൾ പറഞ്ഞു.
സി.പി.എം. പൊന്നാനി നഗരം, സൗത്ത് ലോക്കൽ കമ്മറ്റികൾ സംയുക്തമായാണ് പ്രതിഷേധമാർച്ചും ഇറിഗേഷൻ ഓഫീസ് ഉപരോധവും സംഘടിപ്പിച്ചത്. സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, സി.പി.എം. പൊന്നാനി സൗത്ത് ലോക്കൽ സെക്രട്ടറി എം.എ. ഹമീദ്, കെ.എ. റഹീം എന്നിവർ പ്രസംഗിച്ചു.