ആറ് വരി പാത മലപ്പുറം ജില്ലയിൽ ആദ്യഘട്ട ടാറിങ്;രണ്ടര വർഷത്തിനുള്ളിൽ പുത്തൻപാത തുറന്ന് കൊടുക്കും
കുറ്റിപ്പുറം:വേഗമേറിയതും സുഗമവുമായ വാഹന
ഗതാഗതത്തിന് വഴിയൊരുക്കി പനവേൽ
കന്യാകുമാരി ദേശീയപാത 66 ആറ് വരിയായി
വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് വേഗം കൂട്ടി.
കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്തിയായ
ഇടിമുഴിക്കൽ മുതൽ മലപ്പുറം തൃശൂർ ജില്ലാ
അതിർത്തിയായ കാപ്പിരിക്കാട് വരെ 76
കിലോമീറ്ററിലാണ് പുതിയ പാത നിർമ്മിക്കുന്നത്.
ഇടിമുഴിക്കൽ മുതൽ വളാഞ്ചേരി വരെയും
വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെയുമായി രണ്ടു
റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന
പ്രവൃത്തി. 3496.45 കോടി രൂപ ചെലവഴിച്ചാണ്
ജില്ലയിൽ ദേശീയപാത ആറ് വരിയാക്കി
വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത
ഭൂമിയിലെ 80 ശതമാനം മരങ്ങളും
മുറിച്ചുമാറ്റിയിട്ടുണ്ട്. നിലവിൽ ഈ ഭാഗങ്ങൾ
നിരപ്പാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
കോട്ടക്കൽ, വളാഞ്ചേരി, കുറ്റിപ്പുറം
എന്നിവിടങ്ങളിൽ പാലങ്ങളുടെ നിർമ്മാണവും
നടന്നുവരുന്നു.രാമനാട്ടുകര മുതൽ കാപ്പിരിക്കാട്
വരെ ഏഴ് പാലങ്ങളാണ് ദേശീയപാതയിൽ
വരുന്നത്. കൊളപ്പുറം, കുറ്റിപ്പുറം,പുതുപൊന്നാന്നി എന്നിവിടങ്ങളിൽ പുഴയ്ക്ക് കുറുകെയാണ് പാലങ്ങൾ. മറ്റിടങ്ങളിൽ
വയഡക്കളിലൂടെയുമാണ് പാത കടന്നുപോകുക.കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ
പുതിയ പാലത്തിന്റെ നിർമാണം
പുരോഗമിക്കുന്നുണ്ട്. മഴക്കാലത്തിന് മുമ്ബേ
ദേശീയ പാതയിലെ പാലങ്ങളുടെ പെലിംഗ്
ജോലികളും ഭൂമി നിരപ്പാക്കിയ സ്ഥലങ്ങളിൽ ടാറിംഗ്
ഉൾപ്പെടെയുള്ള പ്രവൃത്തികളും
പൂർത്തീകരിക്കാനാണ് ശ്രമമെന്ന് കരാർ ഏറ്റെടുത്ത
കെ.എൻ.ആർ.സി.എൽ അധികൃതർ പറഞ്ഞു.
ഇതിന്റെ ഭാഗമായി പൊന്നാനിയിൽ
മറവഞ്ചേരിയിലും കോട്ടക്കലിൽ രണ്ടത്താണിയിലും
പാതയുടെ ആദ്യഘട്ട ടാറിംഗ് പുരോഗമിക്കുന്നുണ്ട്. ദേശീയപാത 66ന്റെ
വികസനത്തിനായി മലപ്പുറം ജില്ലയിൽ നിന്നും
ഏറ്റെടുത്തത് 203.4 ഹെക്ടർ ഭൂമിയാണ്. ഇതിൽ 32.82
ഹെക്ടർ പ്രദേശം സർക്കാർ ഭൂമിയാണ്. 7,843 പേരിൽ
നിന്നായി ഏറ്റെടുത്ത ഭൂമിയ്ക്ക് ഇതിനകം 3,028.29
കോടി രൂപ നഷ്ടപരിഹാരമായി നൽകി കഴിഞ്ഞു.
ശേഷിക്കുന്ന ഭൂമിയിന്മേൽ കേസുകൾ നില
നിൽക്കുന്നതിനാൽ അവ തീർപ്പാകുന്ന മുറയ്ക്ക്
അതത് ഭൂവുടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും.
നഷ്ടപരിഹാരത്തിന് പുറമെ 395 ചെറുകിട
വ്യാപാരികളുടെ പുനരധിവാസത്തിനായി 2.96
കോടി നൽകി.