KERALA

കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് ആറ് വര്‍ഷം

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുടെ ഓർമകൾക്ക് ആറു വർഷമാവുന്നു.എങ്കിലും ഓര്‍മകളിലെ മണിമുഴക്കം നിലയ്ക്കുന്നില്ല. പാടിയും ചിരിപ്പിച്ചും മലയാളി ഹൃദയങ്ങളില്‍ ഇടം പിടിച്ച കലാഭവന്‍ മണിയുടെ അസാന്നിധ്യത്തിന് ഇന്ന് ആറ് വര്‍ഷം തികയുമ്പോഴും മണിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും ഓരോ മലയാളിയുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാള സിനിമയിലെ അതുല്യ നടന്‍മാരിലൊരാളായിരുന്നു കലാഭവന്‍ മണി. അഭിനേതാവ് എന്ന നിലയില്‍ എന്നും ഓര്‍മ്മിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ നല്‍കി. നാടന്‍ പാട്ടുകളെ ജനകീയമാക്കി. ജീവിതാനുഭവങ്ങളുടെ തീച്ചൂളയിലാണ് മഹാന്‍മാരായ കലാകാരന്‍മാരെല്ലാം വാര്‍ത്തെടുക്കപ്പെടുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മണി.
ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും അഭ്രപാളിയിലെ പകര്‍ന്നാട്ടങ്ങളിലേക്കെത്തിയ മണി നാടന്‍ പാട്ടിന്റെ ചൂടും ചൂരും നെഞ്ചിലേറ്റി. കൈവച്ച എല്ലാ മേഖലകളെയും അദ്ദേഹം ജനകീയമാക്കി തീര്‍ത്തു. ലോകത്തെവിടെ ചെന്നാലും മലയാളികള്‍ക്കിടയില്‍ കലാഭവന്‍ മണിക്കുണ്ടായിരുന്ന ജനപ്രീതി ചെറുതല്ല.മിമിക്രിയിലൂടെ, സിനിമകളിലൂടെ, സ്റ്റേജ് ഷോകളിലൂടെ, ചാനല്‍ പരിപാടികളിലൂടെ മണി നമ്മെ രസിപ്പിച്ചു. ബിഗ് സ്‌ക്രീനില്‍ ചിരിപ്പിച്ചും കരയിപ്പിച്ചും സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു. നായകനും വില്ലനും സഹനടനും കോമേഡിയനായും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കൊക്കെയും ജീവന്‍ നല്‍കി. പോയ കാലത്തിന്റെ വറുതിയില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട കലാകാരനെന്നതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങി അവരിലൊരാളായാണ് മണി ജീവിച്ചത്.
ജനകീയ കലയായ നാടന്‍ പാട്ടിന് തന്റേതായ ഭാവുകത്വം നല്‍കികൊണ്ട് നാടന്‍പാട്ടിനെ കൂടുതല്‍ ജനകീയമാക്കി. ഇന്നും മണിയുടെ ഒട്ടനവധി നാടന്‍പാട്ടുകള്‍ പ്രായഭേദമന്യേ മലയാളികളുടെ മനസ്സില്‍ ഈണം പിടിക്കുകയാണ്. 2016 മാര്‍ച്ച് 6 ന് തനിക്കേറെ പ്രിയപ്പെട്ട പാടിയില്‍ വെച്ചായിരുന്നു കലാഭവന്‍ മണിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും കലാഭവന്‍ മണി മലയാളി ഹൃദയങ്ങളില്‍ ഒരു മണിമുഴക്കമായി ജീവിക്കും.



Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button