KERALA

യുക്രൈയിനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.

അതേസമയം, ഡൽഹി എയർപോർട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്നവരെ കൊണ്ട് പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എയർപോർട്ടിൽ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങുമെന്നും കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ അറിയിച്ചു. ഭക്ഷണം, താമസം, കേരളത്തിലേക്ക് ഉള്ള ടിക്കറ്റ് എന്നിവക്ക് കേരള ഹൗസ് സൗകര്യം ഒരുക്കും.ആകെ 17 മലയാളികൾ ഡൽഹിയിൽ എത്തും എന്നാണ് അറിവെന്നും റൊമാനിയയിലെ ബുക്കാറസ്‌റിൽ നിന്നാണ് ഇവർ വരുന്നതെന്നും ഇത് താൽക്കാലിക കണക്ക് ആണ് മാറ്റങ്ങൾ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് എത്തുന്നവർക്കും ഇത്തരം സൗകര്യങ്ങൾ ഒരുക്കുമെന്നും ഡൽഹിയിലും മുംബൈയിലും എത്തുന്നവർക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് ആശയവിനിമയത്തിനായി രൂപീകരിച്ചിട്ടുണ്ടെന്നും ജയിൻ അറിയിച്ചു. വ്യോമമാർഗം തന്നെ ഇവരെ നാട്ടിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button