BREAKING NEWSLATEST NEWS

യു.എ.ഇയിലെ വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി എടപ്പാൾ മെസോൺ ധാരണാപത്രം കൈമാറി; അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ചുവടുവെപ്പ്

എടപ്പാൾ: വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയാർന്ന പഠനവും നൂതന വിദ്യാഭ്യാസ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എടപ്പാളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മെസോൺ, യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പുമായി ധാരണാപത്രം കൈമാറി.

തിരുവനന്തപുരത്തെ ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിലായിരുന്നു ധാരണാപത്രം കൈമാറിയത്. വിസ്‌ഡം എജ്യുക്കേഷൻ ഗ്രൂപ്പ് സി.ഇ.ഒ. അഹമ്മദ് റാഫി ബി. ഫെറി, മെസോൺ ഗ്ലോബൽ ഫൗണ്ടർ ആൻഡ് സി.ഇ.ഒ. റാഷിദ് മുക്കത്തിൽ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പി.എസ്.എം.ഒ. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അസീസ് കെ., കേന്ദ്ര സർവകലാശാല കേരളയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസർ ഡോ. മുഹമ്മദ്ത മുസ്തഫ തളിപ്പറമ്പ് സർ സയ്യിദ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാം എ.കെ. എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിലെ, പ്രത്യേകിച്ച് മലബാർ മേഖലയിലെ വിദ്യാഭ്യാസ മികവും മിഡിൽ ഈസ്റ്റിലെ കേരളീയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പരസ്പരം ബന്ധിപ്പിച്ച് ഗുണമേന്മയുള്ള പഠനാവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ സഹകരണത്തിന്റെ പ്രധാന ലക്ഷ്യം. യു.എ.ഇയിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക പിന്തുണ ലഭ്യമാക്കുന്നതിനൊപ്പം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പരിചയവും അധ്യാപന മികവും ആഗോളതലത്തിൽ പ്രയോജനപ്പെടുത്തുന്നതിനും ഈ പങ്കാളിത്തം വഴിയൊരുക്കും.

ധാരണാപത്രത്തിന്റെ ആദ്യഘട്ടത്തിൽ എട്ടാം ക്ലാസ് മുതൽ യു എ യിലെ വിദ്യാർത്ഥികൾക്ക് മികച്ച ഫൌണ്ടേഷൻ ക്ലാസുകൾ സീനിയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സ്കൂൾ പഠനത്തോടൊപ്പം മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനം സമന്വയിപ്പിച്ചുള്ള ഹോം സ്കൂൾ വിദ്യാഭ്യാസ പദ്ധതി, കൂടാതെ സിവിൽ സർവീസ് & സി എ ഫൌണ്ടേഷൻ പരിശീലനം എന്നിവയും നടപ്പിലാക്കും. റെഗുലർ, റിപ്പീറ്റർ വിഭാഗങ്ങളിലായി പ്രവേശന പരീക്ഷാ പരിശീലനം ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് ആവശ്യമായ മത്സരപരീക്ഷാ ശേഷി വികസിപ്പിക്കുന്നതിനും ഈ സംയോജിത പഠനരീതി സഹായകമാകും.പരമ്പരാഗത ക്ലാസ് മുറി പഠനത്തിനപ്പുറം വിദ്യാർത്ഥികളുടെ വ്യക്തിഗത കഴിവുകൾ, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി, ആശയവിനിമയ മികവ്, ഉന്നതപഠനത്തിനും തൊഴിൽ മേഖലയ്ക്കും ആവശ്യമായ നൈപുണികൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള നൂതന പഠനരീതികൾക്കും സഹകരണം പ്രാധാന്യം നൽകും.

ഇരു സ്ഥാപനങ്ങളും സംയുക്തമായി തീരുമാനിക്കുന്ന മറ്റ് വിദ്യാഭ്യാസ പരിപാടികൾ, അക്കാദമിക സംരംഭങ്ങൾ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയും ഭാവിയിൽ നടപ്പിലാക്കും.കേരളത്തിലെ അധ്യാപന-അക്കാദമിക മികവിനെ യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ചതും പ്രാപ്യവുമായ വിദ്യാഭ്യാസ അവസരങ്ങൾ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെ അനുഭവങ്ങളും വിഭവങ്ങളും പങ്കുവെച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ ധാരണാപത്രം പുതിയ സാധ്യതകൾ തുറക്കുമെന്ന് ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button