ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി
മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ ‘ഓപറേഷൻ ജലസുരക്ഷ’ പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി. നിയമ ലംഘനങ്ങൾ നടത്തിയവർക്ക് എതിരെ 25,64,500 രൂപ പിഴ ചുമത്തിയതായും അധികൃതർ അറിയിച്ചു.
‘നിർമ്മലം പുതുയുഗം ശുചിത്വ കേരളം’ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പരിശോധന നടത്തിയത്. നവംബർ 19, 20 തീയതികളിലായി ജില്ലയിലെ 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ജലാശയങ്ങൾ, തോടുകൾ, ജലനിർഗമന പാതകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.കണ്ടെത്തിയ 436 നിയമ ലംഘനങ്ങളിൽ 426 എണ്ണത്തിന് നോട്ടീസ് നൽകി. ഇതിൽനിന്ന് ഇതുവരെ 38,510 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച വ്യക്തികളും സ്ഥാപനങ്ങളും നിശ്ചിത പിഴ അടച്ചില്ലെങ്കിൽ തുടർനിയമ നടപടികൾ സ്വീകരിച്ച് കേസുകൾ കോടതിയിലേക്ക് കൈമാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കി.
ജില്ലയിലെ 12 നഗരസഭകളിലായി 20 സംഘങ്ങളും 94 ഗ്രാമപഞ്ചായത്തുകളിലായി 157 സംഘങ്ങളുമാണ് പരിശോധനയിൽ പങ്കെടുത്തത്. ആരോഗ്യവകുപ്പ് ജീവനക്കാർ ഉൾപ്പെടെ 572 ഉദ്യോഗസ്ഥർ 811 വാർഡുകളിലായി പരിശോധനയ്ക്ക് നേതൃത്വം നൽകി.കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 219 എസ്, മുനിസിപ്പാലിറ്റി നിയമത്തിലെ 340 എ എന്നീ വകുപ്പുകൾ പ്രകാരമാണ് നിയമനടപടികൾ സ്വീകരിക്കുന്നത്.ജലജന്യരോഗങ്ങൾ തടയുന്നതിനും ജലസ്രോതസ്സുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനുമായി ആരംഭിച്ച പരിശോധന, ജലാശയങ്ങളിലേക്ക് മാലിന്യം തള്ളുന്നത് പൂർണമായും അവസാനിപ്പിക്കുന്നതുവരെ തുടരുമെന്നും അധികൃതർ അറിയിച്ചു.