PONNANI

കോവിഡ് മൂന്നാം തരംഗം; പൊന്നാനിയിൽ നിയന്ത്രണം കടുപ്പിക്കുന്നു.

പൊന്നാനി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ കർശനമാക്കാനൊരുങ്ങി പൊന്നാനി നഗരസഭ. കോവിഡ് അതിവ്യാപന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധപ്രവർത്തനങ്ങൾ നഗരസഭ വിലയിരുത്തി. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചതായി നഗരസഭാ കോവിഡ് കോർ കമ്മിറ്റി അറിയിച്ചു.

പൊന്നാനി ബീച്ച്, കർമ റോഡ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. പൊതുഇടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നും പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്താനായി പോലീസിന്റെ സഹകരണത്തോടെ നാഗരസഭ കർശന പരിശോധന നടത്തും.
താഴേത്തട്ടിൽ രോഗപ്രതിരോധം ശക്തമാക്കുന്നതിനായി വാർഡുതല ജാഗ്രതാസമിതികൾ വിളിച്ചുചേർക്കുകയും വാർഡുതല ആർ.ആർ.ടി. വൊളന്റിയർമാരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് സ്വയംസുരക്ഷ ഉറപ്പുവരുത്തുന്നതിന് ബോധവത്കരണം നൽകും.
താലൂക്ക് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. നഗരസഭയിൽ കോവിഡ് വാർ റൂം തുറക്കുന്നതിനും മറ്റും നഗരസഭ സജ്ജമാണെന്ന് കോവിഡ് കോർ കമ്മിറ്റി യോഗത്തിനുശേഷം അധികൃതർ അറിയിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപ്പുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ, സ്ഥിരംസമിതി അംഗങ്ങളായ ഷീന സുദേശൻ, രജീഷ് ഊപ്പാല, എം. ആബിദ, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, നഗരസഭാ സെക്രട്ടറി ഇൻചാർജ് സുജിത് ഗോപിനാഥ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button