മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ താഴ്ത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് തിരൂർ പോലീസിന്റെ പിടിയിലായി. പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ഹുസൈനാണ് (40) അറസ്റ്റിലായത്.തിരൂർ പൂക്കയിൽ വെച്ച് ബസ് യാത്രയ്ക്കിടെ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞുനിർത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.ബുധനാഴ്ച രാത്രി ഒരു മണിയോടെ ‘കടൽത്തീരത്ത് മീൻ അടിഞ്ഞിട്ടുണ്ട്.അത് എടുക്കാൻ പോകാം’ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്.
വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് മക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മീൻപിടുത്ത വള്ളത്തിലെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുമ്പോൾ കയറിൽ കുടുങ്ങിയ ചാക്ക് പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.സ്ഥിരമായി മദ്യത്തിനും ലഹരിമരുന്നിനും അടിമയായ ഹുസൈൻ വീട്ടിൽ പതിവായി വഴക്കുണ്ടാക്കാറുണ്ടെന്ന് പോലീസ്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കിട്ട് ഇയാൾ ഫോൺ എറിഞ്ഞുപൊട്ടിച്ചിരുന്നു. തുടർന്നാണ് രാത്രിയിൽ തന്ത്രപൂർവ്വം വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.കഴുത്ത് ഞെരിച്ചാണ് ഫൗസിയയെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.മക്കൾ: ഷബീബ്, ബിൻസി.